Saturday, August 27, 2011

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 2

ഇന്ന് ജോലിക്കായോ  മറ്റാവശ്യങ്ങല്ക്കായോ യാത്ര ചെയ്യേണ്ടാത്തതായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതു സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയുടെ ലക്ഷണമാണ്, ഒപ്പം നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും. പക്ഷെ ഈ യാത്രകള്‍ കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമവും കൂടി വരുന്നു. സ്ത്രീകള്‍ക്ക് ഇവിടെ വഴി നടക്കാനോ യാത്ര ചെയ്യാനോ ഉള്ള അന്തരീക്ഷം ഇല്ലെന്നും അതിനാല്‍ കഴിയുന്നതും വീട്ടില്‍ ഇരിക്കുന്നതാണ് നല്ലതെന്നും ഉള്ള ഒരു പൊതുബോധം രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്നു. വീണ്ടും അടുക്കളയില്‍ ഒതുങ്ങാന്‍ ഒരു സുവര്‍ണാവസരം. ഒന്നുകില്‍ ഈ സുവര്‍ണാവസരം ഉപയോഗിച്ച് അടുക്കളയില്‍ സ്ഥിരതാമാസമാക്കുക അല്ലെങ്കില്‍ പൊരുതി ജയിക്കുക. ഇതില്‍ രണ്ടാമത്തേത് തിരഞ്ഞെടുക്കുന്നവര്‍ക്കായാണ് ഈ ലേഖനം. ഒന്നാമത്തെ ഗ്രൂപിനും വായിച്ചിരിക്കാവുന്നതാണ്.  നാമോരോരുത്തരും ഒരല്‍പം ശ്രദ്ധിച്ചാല്‍ നമുക്കെതിരെ മാത്രമല്ല മറ്റുള്ളവര്‍ക്കെതിരെ വരാനിരിക്കുന്നതുമായ  അക്രമങ്ങള്‍  ഒരു പരിധി വരെ  ഒഴിവാക്കാനോ തടയാനോ പറ്റും.യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയുന്നതിന് മുന്‍പേ നമ്മുടെ  ഹാന്‍ഡ്‌ ബാഗില്‍ അത്യാവശ്യം വേണ്ട കുറച്ചു ടൂള്‍സ് നെ കുറിച്ച് പറയാം.


ആദ്യം വേണ്ടത് ഉപയോഗശൂന്യമായ രണ്ടോ മുന്നോ ചെറിയ താക്കോലുകള്‍ ആണ്. ഇതാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം. ഇതു ഒറ്റയ്ക്കുള്ള യാത്രയില്‍ ഭയം തോന്നുകയാണെങ്കില്‍ കയ്യില്‍  തന്നെ പിടിക്കുക. അവയുടെ ചെയിന്‍ ഊരിക്കളഞ്ഞ ശേഷം  വളയത്തില്‍ ഇട്ടു സൂക്ഷിക്കുക. അതു നടുവിരലില്‍ മോതിരം പോലെ ഇട്ട ശേഷം താക്കോലുകള്‍ കൈക്കുള്ളില്‍ വയ്ക്കുക. അല്‍പ്പം ബുദ്ധിമുട്ടാണ് എന്നാലും വേറെ എത്രയോ ബുദ്ധിമുട്ടുകള്‍ ഒരു ആവശ്യവുമില്ലാതെ സഹിക്കുന്നു.. കൂട്ടത്തില്‍ ഇതു കൂടി ഇരിക്കട്ടെന്നെ.. അപ്പൊ ഇത് കൊണ്ടുള്ള ഉപയോഗം മനസ്സിലായിക്കാണുമല്ലോ.. അപ്രതീക്ഷിതമായി ഒരു ആക്രമണമുണ്ടായാല്‍ അപ്രതീക്ഷിതമായിത്തന്നെ ഒരു തിരിച്ചടി. നമുക്കും തയ്യാറെടുപ്പുകള്‍ ഒന്നും വേണ്ട.  അവന്റെ മുഖത്തു ഒരു X ഓ Y ഓ വരച്ചു കൊടുക്കുക. ശ്രദ്ധിക്കേണ്ട കാര്യം..വരക്കുന്നത്  അവനെ ഇക്കിളിയിടാനായിരിക്കരുത്..അവന്റെ കണ്ണ് ഒന്നെങ്കിലും ഫ്യൂസ് ആക്കണം. ഇല്ലെങ്കില്‍ പണി പാളുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.  

അങ്ങനെ നമ്മുടെ ആദ്യത്തെ ടൂള്‍ റെഡി ആയി. രണ്ടാമത് വേണ്ടത് ഒരു ബോട്ടില്‍ പെപ്പര്‍ സ്പ്രേ ആണ്. കടകളില്‍ ഇതു വാങ്ങാന്‍ കിട്ടും. 300 രൂപ മുതലങ്ങോട്ടാണ് വില. ബോട്ടില്‍  മുതല്‍ കീ ചൈനിന്റെയും പേനയുടെയും രൂപത്തില്‍ വരെ ഇവ ലഭ്യമാണ്. വില അതിനനുസരിച്ച് കൂടുമെന്ന് മാത്രം.  ഇവ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. തുറന്നു മുഖത്തടിച്ചു കൊടുക്കുക. 5 -7 അടി ദൂരം വരെ അകലത്തില്‍ ഇതു ടാര്‍ഗറ്റ് ചെയ്യാന്‍ കഴിയും. മുഖത്തടിച്ചു കഴിഞ്ഞാല്‍ പിന്നെ നില്‍ക്കണ്ട..അവന്‍ നക്ഷത്രമെണ്ണി തീരും മുന്‍പേ ഓടുക. എന്നിട്ട് കഴിയുമെങ്കില്‍ അടുത്ത പോലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുക. പെപ്പര്‍ സ്പ്രേ പ്രയോഗിക്കപ്പെട്ട ആള്‍ക്ക് അത് സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ്‌ അറിവ്. മാത്രമല്ല സ്വയ രക്ഷക്കായി ഇതുപയോഗിക്കുന്നത് നിയമ വിധേയവുമാണ്‌ . പെപ്പര്‍ സ്പ്രേ കിട്ടുന്ന കടകള്‍ അടുത്തെങ്ങും ഇല്ലാത്തവര്‍ ഒട്ടും വിഷമിക്കേണ്ടതില്ല. പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഡിയോ സ്പ്രേ. ചെറിയ ഒരെണ്ണം വാങ്ങി ബാഗില്‍ സൂക്ഷിക്കുക. അടിക്കുമ്പോള്‍ കണ്ണില്‍ തന്നെ അടിക്കുക. പെപ്പര്‍ സ്പ്രേ യുടെ അത്ര തന്നെ ഫലം കിട്ടിയില്ലെങ്കിലും തല്ക്കാല രക്ഷക്കൊക്കെ അതുപകരിക്കും.

അപകടരഹിതമായ എന്നാല്‍ വളരെ ഫലപ്രദമായ മറ്റൊരു ആയുധമാണ് stun gun . ഇതിന്റെ പ്രവര്‍ത്തനം വളരെ simple ആണ്. ഓണ്‍ ചെയ്തു എതിരാളിയുടെ ശരീരത്തിന് നേരെ പിടിച്ചു ബട്ടണ്‍ അമര്‍ത്തുകയെ വേണ്ടു. ആള്‍ അവിടെ വീഴും. ഇത് പ്രയോഗിക്കുമ്പോള്‍ ഒരു തരം ഇലക്ട്രിക്‌ നോയ്സ് ഉണ്ടാകുകയാണ് ചെയ്യുന്നത് എന്ന്‌ ഞാന്‍ എവിടയോ വായിച്ചു, ഒപ്പം നേരിയ ഷോക്കും. അതെല്‍ക്കുന്ന ആളിന്റെ ശരീരത്തിലെ nervous communication കുറച്ചു നേരത്തേക്ക് ആകെ തകരാറിലാവുകയും ആള്‍ വീണു പോകുകയും ചെയ്യും. തിരിച്ചു സാധാരണ സ്ഥിതിയിലാകാന്‍ എടുക്കുന്ന സമയം കൊണ്ട് ഓടി രക്ഷപ്പെടാനും കഴിയും. ഇതിന്റെ ഏറ്റവും വലിയ ഗുണം, ശരീരത്തില്‍ ഇവിടെ പ്രയോഗിച്ചാലും നമ്മള്‍ ഉദ്ദേശിക്കുന്ന ഫലം തന്നെ കിട്ടുമെന്നതാണ്. പെപ്പര്‍ സ്പ്രേ മുഖത്ത് തന്നെ അടിക്കണമെങ്കില്‍ ഇതു ശരീരത്തില്‍ എവിടെയും, തിരിഞ്ഞു നിന്നാല്‍ പോലും പ്രയോഗിക്കാന്‍ സാധിക്കും.

സ്വയം സുരക്ഷക്കായി പലരും മുളകുപൊടി, കുരുമുളകുപൊടി മുതലായവ ബാഗില്‍ സൂക്ഷിക്കുന്നത് കണ്ടു വരാറുണ്ട്. അതിനു ഒരു പ്രശ്നം ഉള്ളത്, മുളകുപൊടി എടുത്തു  തൂകുമ്പോള്‍ നമ്മുടെ കണ്ണിലും വീഴാന്‍ സാധ്യത ഉണ്ടെന്നതാണ്. മാത്രമല്ല ബാഗിന്റെ ഉള്ളറകളില്‍ എവിടെയെങ്കിലും ഒള്പ്പിച്ചു വച്ചാല്‍  എടുത്തു പ്രയോഗിക്കാന്‍ ബുദ്ടിമുട്ടാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മൊട്ടുസൂചി, ബ്ലേഡ്  മുടലായവയുടെ കാര്യവും അങ്ങനെ തന്നെ. അതുകൊണ്ട് അവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്  ആവശ്യം വന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നതിന് വ്യക്തമായ പ്ലാനിംഗ് വേണം. Practice Makes it Perfect എന്നല്ലേ.
ഇനിയും ഉപയോഗപ്രദമായ ധാരാളം ടൂള്‍സ് കാണും . ലഭ്യമായവയില്‍ നമുക്ക് ഏറ്റവും സൌകര്യപ്രദമായ ഒന്നോ രണ്ടോ തിരഞ്ഞെടുക്കുക, അവ ബാഗില്‍ കൃത്യമായ സ്ഥാനത്തു സൂക്ഷിക്കുക. ഇടക്കൊക്കെ എടുത്തു അവ പ്രവര്‍ത്തനക്ഷമമാണോ  എന്ന്‌ പരിശോധിച്ചു ഉറപ്പു വരുത്തുക. നമ്മളില്‍ മിക്കവര്‍ക്കും അവ ജീവിത കാലത്തൊരിക്കല്‍ പോലും ഉപയോഗിക്കേണ്ടി വരില്ല. എന്നാല്‍ നമ്മള്‍ എന്തും നേരിടാന്‍
സജ്ജരാനെന്നുള്ള ബോധം ആത്മവിശ്വാസം കൂട്ടും. അതു നമ്മുടെ യാത്രാ സമയത്ത് മാത്രമല്ല ജീവിടത്തിലുടനീളം സഹായകരമാകും.
അപ്പോള്‍ നമ്മുടെ ടൂള്‍സ് റെഡി ആയി. ഇനി യാത്രക്കൊരുങ്ങാം. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറേയുണ്ട്. അവ വഴിയെ പറയാം.
(തുടരും..)


   

Thursday, August 18, 2011

സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ - 1

  ഒരു പാട് സ്ത്രീകള്‍ വീട്ടിലും പുറത്തുമായി ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടാണ് കേരളത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. അകാദമിക്‌ പാഠങ്ങളും നൃത്തവും പാട്ടും അല്ലാതെ മറ്റൊന്നും പഠിപ്പിക്കാതെയാണ് പെണ്‍കുട്ടികളെ നമ്മള്‍ വളര്‍ത്തിയെടുക്കുന്നതും. അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ജീവിതത്തില്‍ പിന്നെഒരു പ്രശ്നവും വരില്ലെന്നും നമ്മള്‍ അവരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അത്  കൊണ്ട് തന്നെ അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു അപകടാവസ്ഥയെ നേരിടേണ്ടി വരുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അവര്‍ പകച്ചു പോകും. എളുപ്പം കീഴടങ്ങുകയും ചെയ്യും. ഇത്തരം അവസ്ഥകളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ഒരന്വേഷണമാണ് ഇവിടെ  നടത്തുന്നത്. അപകടം എന്താണെന്നും ഏതാണെന്നും മനസ്സിലാക്കി 100KM സ്പീഡില്‍ ഓടണോ അതോ ആക്രമിക്കാന്‍ വരുനനവന്റെ കാലിനിടയില്‍ മുട്ടുകാല്‍ കേറ്റി കുര്‍ബാന കൊടുക്കണോ, അത് വേണമെങ്കില്‍ തന്നെ എങ്ങനെ ചെയ്യണം, എന്തൊക്കെ ശ്രെദ്ധിക്കണം, എന്നെല്ലാം ചുരുക്കി പല പോസ്റ്റുകളായി പറയാനാണു  ശ്രെമിക്കുന്നത്.

ഏതൊരു ഒരു വ്യക്തിക്ക്(ആണായാലും പെണ്ണായാലും) നേരെയുള്ള മറ്റൊരു വ്യക്തിയുടെയോ വ്യക്തികളുടെയോ ആക്രമണം ഒരു ക്രൈം ആണ്. നമുക്ക് നേരെയുള്ള ക്രൈം എങ്ങനെ തടയാം എന്ന്‌ പറയുന്നതിന് മുന്‍പേ അത് ജനിക്കുന്നതെങ്ങിനെ എന്ന്‌ പറയുന്നത് നന്നായിരിക്കും എന്ന്‌ തോന്നുന്നു. ഒരു കുറ്റകൃത്യം ജനിക്കുന്നതിനു മൂന്നു ഘടകങ്ങള്‍ ആവശ്യമാണ്. താഴെയുള്ള ചിത്രം നോക്കുക. ഇതു ക്രൈം triangle എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഐറ്റം ഇല്ലാതായാല്‍ കുറ്റകൃത്യം നടക്കില്ല. ഇവ ഓരോന്നായി നമുക്ക് ഒന്ന് analyze ചെയ്തു നോക്കാം.

ഒന്നാമത്തെ ഘടകം മറ്റൊന്നുമല്ല കുറ്റകൃത്യം ചെയ്യണം എന്ന ദുഷ്ചിന്ത ആര്‍ക്കെങ്കിലും ഉണ്ടായിപ്പോകുന്നത് ആണ്. ഏതെങ്കിലും രാജ്യത്ത് ഒരാള്ക്കും കുറ്റം ചെയ്യാനുള്ള motivation ഇല്ലെങ്കില്‍ ആ രാജ്യം സ്വര്‍ഗമായി മാറുമെന്നര്‍ത്ഥം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു രാജ്യം ഭൂമിയില്‍ ഇല്ല. പക്ഷെ ചില രാജ്യങ്ങളെ അപേക്ഷിച്ച് മറ്റു ചില രാജ്യങ്ങളില്‍ ഇതു കുറഞ്ഞിരിക്കും. ശെരിയായ വിദ്യാഭ്യാസ/സാമൂഹിക മൂല്യങ്ങള്‍ കിട്ടി വളരുന്നതോ കുറ്റം ചെയ്‌താല്‍ ശിക്ഷ കിട്ടുമെന്ന് ഉറപ്പുള്ളതോ ആയ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരിക്കും. നമ്മുടെ ഭാഗ്യം.. ഇന്ത്യ ഇതിന്റെയൊക്കെ നേര്‍ വിപരീത ദിശയില്‍ ആണ് സഞ്ചരിക്കുന്നത്. അത് കൊണ്ട് ഇവിടത്തെ ചെറുതും വലുതുമായ, വന്നതും വരാനിരിക്കുന്നതുമായ കുറ്റവാളികള്‍ക്ക് അടുത്തെങ്ങും നല്ല ബുദ്ധി തോന്നാനിടയില്ല. മാത്രമല്ല വ്യക്തിക്ക് ഒരു നിയന്ത്രണവും ഇല്ലാത്ത ഒന്നാണ് മറ്റൊരാളുടെ മനസ്സിലെ കുറ്റവാസന. പക്ഷെ സമൂഹത്തിനു മൊത്തത്തില്‍ ചിലപ്പോള്‍ ഇതില്‍ എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിയും. സമയം കുറെ പിടിക്കുമെന്ന് മാത്രം. അപ്പോഴേക്കും ഭൂമി ബാക്കി  കാണുമോ എന്തോ.

ഇനി രണ്ടാമത്തെ വര സൂചിപ്പിക്കുന്നത് എന്താണെന്നു നോക്കാം. അത് കുറ്റകൃത്യം ചെയ്യാനുള്ള അനുകൂല സാഹചര്യമാണ്. സൗമ്യയുടെ ഉദാഹരണം എടുത്താല്‍ ladies compartment ഏറ്റവും പിറകില്‍ ആയിരുന്നതും, അതില്‍ മറ്റാരും ഇല്ലാതിരുന്നതും ആണ് ആ കൊലപാതകത്തിന് ഉണ്ടായിരുന്ന അനുകൂല സാഹചര്യം. ഇത്തരം സാഹചര്യം ഇല്ലാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെങ്കിലും നാമോരോരുത്തരും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രെമിക്കാം. (വീണ്ടും സൌമ്യയിലേക്ക്.. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാനായിരുന്നു ആ കുട്ടി അടുത്ത compartmentil കയറാന്‍ നോക്കിയത്. അവിടെയും അതെ സാഹചര്യം ആണെന്ന് കണ്ടാണല്ലോ പഴയ സ്ഥാനത്തേക്ക് മടങ്ങിയത്.) ഇവിടേ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഉദ്ദേശിച്ചത്, (സ്ത്രീകളുടെ കാര്യം ആണ്) ഇനി എവിടെയും പോകാതെ വീട്ടിലിരുന്നാല്‍ മതി എന്നല്ല. അങ്ങനെ ചെയ്‌താല്‍ അത് കൂടുതല്‍ അരാജകത്വത്തിലേക്ക് നയിക്കുകയെ ഉള്ളു. പകരം യാത്ര ചെയ്യുമ്പോളും അല്ലാത്തപ്പോഴും ചുറ്റുപാടുകള്‍ വീക്ഷിക്കുകയും അതോനോട് വേണ്ട വിധത്തില്‍ പ്രതികരിക്കാന്‍ പഠിക്കുകയും വേണം. ചുമ്മാ സ്വപ്നം കണ്ടിരുന്നാല്‍ പോരെന്നു..

 ഇനി മുന്നാമത്തെ ഘടകം. നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. ഇതില്ലെങ്കിലും കുറ്റകൃത്യം നടക്കില്ല. എന്താണത്?? മനസ്സിലായില്ലേ.. ടാര്‍ഗറ്റ്...മറ്റൊന്നുമല്ല  നമ്മള്‍ തന്നേ. പക്ഷെ നമുക്ക് നമ്മളെ തന്നെ ഒഴിവാക്കാനാവില്ലല്ലോ. അപ്പോള്‍ എന്ത് ചെയ്യും???? ചെറുതായി കത്തി തുടങ്ങിയോ? അതന്നെ.. എതന്നെ??..നമ്മള്‍ ആരുടേയും ടാര്‍ഗറ്റ്/ഇര ആകാതെ നോക്കുക. ഇത്രയും നേരം വായിട്ടലച്ചത് ഇതു പറയാനാണു.  അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന അന്വേഷണം ആണ് അടുത്ത പോസ്റ്റുകള്‍.  വിദേശ രാജ്യങ്ങളിലെ സ്ത്രീകള്‍ ഇന്ത്യയെ അപേക്ഷിച്ച് ഒരു പാട് സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യങ്ങള്‍ക്കു നടുവിലും അവരും സുരക്ഷിതരല്ല. അക്രമങ്ങളെ പ്രതിരോധിക്കാന്‍ അവരെ പഠിപ്പിക്കുനതിനായി അവിടെ ധാരാളം self  defence ട്രെയിനിംഗ് സെന്റെരുകള്‍ ഉണ്ട്. അങ്ങനെയുള്ളവ ഇവിടെയും വരേണ്ടിയിരിക്കുന്നു. തല്‍ക്കാലം നമുക്ക് തിയറി മാത്രം വച്ച് അഡ്ജസ്റ്റ് ചെയ്യാം.Sunday, August 14, 2011

ഗാര്‍ഹിക പീഡന നിരോധന നിയമം


ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ !

2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്. 
ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്താലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.      

ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.

1. ശാരീരികമായ പീഡനം - അടി , കരണത്തടി, കുത്തുക, ചവിട്ടുക, കടിക്കുക, നുള്ളുക, തള്ളിയിടുക, തുടങ്ങി ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും.
2. വാച്യമോ വൈകാരികമോ ആയ പീഡനം -   അപമാനിക്കുക, സ്വഭാവഹത്യ നടത്തുക, ഇരട്ടപ്പേരു വിളിക്കുക, സ്ത്രീധനം കൊണ്ടുവരാത്തതിന്‍റെ പേരില്‍ അധിക്ഷേപിക്കുക, പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ 
അപമാനിക്കുക, തന്‍റെ കുട്ടിയെ സ്കൂളില്‍ അയക്കുന്നതിനെ തടയുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ  തടയുക, ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക, വീടുവിട്ടു പോകാന്‍ നിര്‍ബന്ധിക്കുക, സുഹൃത്തുക്കളെ കാണുന്നത് തടയുക, ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ വൈകാരികമായി തകര്‍ക്കുന്ന ഏതു പ്രവൃത്തിയും.
3. ലൈംഗികമായ പീഡനം - ബലപ്രയോഗത്താലുള്ള  ലൈംഗിക ബന്ധം, അശ്ലീല ചിത്രങ്ങളോ അശ്ലീല സാഹിത്യമോ കാണാന്‍ പ്രേരിപ്പിക്കുക,  സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ,  നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.
4. സാമ്പത്തികമായ പീഡനം - തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, ആഹാരമോ വസ്ത്രമോ മരുന്നോ തരാതിരിക്കുക, ജോലി ചെയ്യാന്‍ അനുവധിക്കാതിരിക്കുക, തന്നെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, ഔദ്യോഗിക ജോലികള്‍ക്കു ഭംഗം വരുത്തുക വീടിന്‍റെ എല്ലാ ഭാഗത്തും പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക. എന്നിവ  

പീഡനം ഏല്‍പ്പിക്കുന്നത് ഭര്‍ത്താവോ അതോ ഭര്‍ത്താവിന്‍റെ പിതാവ് മാതാവ് സഹോദരി തുടങ്ങിയവരോ ആരായാലും അവര്‍ക്കെതിരെയുള്ള  സംരക്ഷണം സ്ത്രീക്ക് ലഭിക്കുന്നതാണ്.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീയ്ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും, സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനത്തില്‍ പെടുന്നു.

ഗാര്‍ഹിക പീഡനം നടന്നാല്‍ ? 

കേരളത്തില്‍ പതിനാലു ജില്ലകള്‍ക്കുമായി മുപ്പത്തൊന്നു സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സേവ് ചെയ്യാവുന്നതാണ് .


സംരക്ഷണ ഉദ്യോഗസ്ഥരുടെ വിലാസം  

പരാതിക്കാരി സംരക്ഷണ ഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ  നേരിട്ടോ ബന്ധപ്പെടുക. അദ്ദേഹം ഉണ്ടായ സംഭവങ്ങളുടെ റിപ്പോര്‍ട്ട്‌ തയ്യാറാക്കും (ഡി ഐ ആര്‍ - ഡൊമസ്റ്റിക് ഇന്സിഡന്റ്റ് റിപ്പോര്‍ട്ട്‌  ) ഈ റിപ്പോര്‍ട്ട്‌ അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്റേറ്റിന്  സമര്‍പ്പിക്കും.  ഡി ഐ ആര്‍ കോടതിയില്‍ കിട്ടുന്ന മുറയ്ക്ക് മജിസ്ട്രെറ്റ് എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും. സമന്‍സ് പ്രകാരം എതിര്‍കക്ഷി കോടതിയില്‍ എത്തും. സ്വന്തമായി അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യ നിയമസഹായ പദ്ധതിയനുസരിച്ച് നിയമ സഹായം ലഭിക്കുന്നതാണ്. അത്തരത്തില്‍ നിയമിക്കപ്പെട്ട അഭിഭാഷകര്‍ സംരക്ഷണ ഉത്തരവ് ലഭിക്കാനാവശ്യമായ സഹായം നല്‍കും. പരാതിക്കാരിക്ക് നിയമപ്രകാരം മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ, അവര്‍ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അവകാശമുണ്ട്‌. ആര്‍ക്കും അവരെ അവിടെനിന്നും ഇറക്കി വിടാനാവില്ല.   

ഏതൊരു വ്യക്തിക്കും ഗാര്‍ഹിക പീഡനം നടക്കുന്നുവെന്നറിഞ്ഞാല്‍ പരാതി നല്‍കാം. അക്കാരണത്താല്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നതല്ല.   

ഈ നിയമ വ്യവസ്ഥകള്‍ മനസിലാക്കി വ്യക്തികള്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്നു മാറി നില്‍ക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുകയും ആണ് ഈ നിയമം കൊണ്ടു ഉദ്ധേശിക്കുന്നത്.  ഒരിക്കല്‍ കൂടി പറയട്ടെ, ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ്  അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല .


[Ref : The Protection Of Women From Domestic Violence Act, 2005]

'നാളത്തെ കേരളവും' ആഗസ്റ്റ് പതിനഞ്ചും

നാളത്തെ കേരളവും ആഗസ്റ്റു പതിനഞ്ചും ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ഉണ്ടെങ്കില്‍ എന്താണ്?

ആഗസ്റ്റ് 15, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ദിവസമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതനുസരിച്ച്, വര്‍ഷാവര്‍ഷം ഇന്ത്യക്കാര്‍ സ്വാതന്ത്ര്യദിനം കൊണ്ടാടാറുണ്ട്. തീര്‍ശ്ചയായും നാളത്തെ കേരളം ആദിനം സ്മരിക്കുന്നു. കാരണം ഒരു കോളണിമേധാവി ഇന്ത്യവിട്ടു പോയ ദിവസമാണ് അത്. തീര്‍ശ്ചയായും ആ മേധാവികൂടി അവിടൊക്കെ അധികാരത്തിലോ അല്ലാതെയോ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ക്കുമ്പോള്‍ ആഗസ്റ്റ് 15 തീര്‍ശ്ചയായും ആഘോഷിക്കേണ്ട ദിവസമാണ്.

എന്നാല്‍ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്താണ് എന്നു വിപുലമായ ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ആഗസ്റ്റ് 15 കേവലമൊരു സിംബോളിക്ക് സ്വാതന്ത്ര്യദിനത്തില്‍ കൂടുതല്‍ ഒന്നുമാകുന്നില്ല എന്നു കാണാം.

കാരണം, സാധാരണക്കാരനു സ്വാതന്ത്ര്യം എന്നു പറയുന്നത്, കോണ്‍സ്റ്റുവന്റ് അസംബ്ലിയോ, കോണ്‍ഗ്രസ് പാര്‍ട്ടിയോ ഒന്നുമല്ല, യദ്ധാര്‍ഥ ജനാധിപത്യ അനുഭവമാണ്.
ഈ രീതിയില്‍ സ്വാതന്ത്ര്യം ഒരു മാനസിക അനുഭൂതിയാണ്,  ഒരു ബൌദ്ധിക നേട്ടമാണ്. ആ ബുദ്ധി/വിവേചനങ്ങളും അനുഭൂതികളും ഉപയോഗിച്ച് ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും, പ്രകൃതി- ആവാസവ്യവസ്ഥകളെ പരിപാലിക്കാനുമുള്ള ബോധമാണ് സ്വാന്തന്ത്ര്യം.

ഇങ്ങനെയുള്ള അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ഇന്ത്യക്കാരന് ഇനിയും അപ്രാപ്യമാണ്. എങ്കിലും ആ ഗസ്റ്റ് 15 ഓടെ അവര്‍ അടിസ്ഥാനപരമായി ചിലതൊക്കെ നേടിയിരുന്നു. എന്നാല്‍ ആ നേട്ടങ്ങളൊക്കെ ഇന്ന് അവര്‍ക്കു കൈവിട്ടുപോകുകയാണ്. അവര്‍ വെറിളി പിടിച്ച മുതലാളിത്തത്തിന്റെ അടിമളാകുകയാണ്.

Tryst with destiny

1947 ആഗസ്റ്റ് 15 അര്‍ത്ഥരാത്രി ബ്രിട്ടിഷ് കൊളോണിയല്‍ മേധാവികളില്‍ നിന്ന് ഇന്ത്യയുടെ ഭാരണം ഏറ്റുവാങ്ങിയ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ചെയ്ത വളരെ പ്രസിദ്ധമായ Tryst with destiny പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.  നെഹ്രു നല്ല ഒരു പ്രസംഗികനായിരുന്നു എന്ന് അതു വായിച്ചാല്‍ മനസിലാകും.

ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല ഞാന്‍ ഇവിടെ നെഹ്രുവിനെകാണുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്. പ്രസംഗം ഇവിടെ വായിക്കാം. അതിലെ പല ഭാഗങ്ങളും ഇന്നും പ്രസക്തമാണ്.(ഇതിന്റെ മലയാളം വേര്‍ഷന്‍ ഞാന്‍ ഗൂഗിളില്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല. ആര്‍ക്കെങ്കിലും കിട്ടുവാണെങ്കില്‍ ലിങ്കു കൊടുക്കണേ)

അന്നു കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി അംഗങ്ങള്‍ നാടിനോടു ചെയ്ത ഒരു പ്രതിജ്ഞയുണ്ട്.

At this solemn moment, when the people of India, through suffering and sacrifice, have
secured freedom, I a member of the Constituent Assembly of India, do dedicate myself in all
humility to the service of India and her people to the end that this ancient land attain her rightful
place in the world and make her full and willing contribution to the promotion of world peace and
the welfare of mankind.

ഇന്നത്തെ പാര്‍ലമെന്റ് അംഗഗങ്ങളും രാഷ്ട്രീയ നേതാക്കളും/ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ  കഴിഞ്ഞ അറുപത്തിനാലു വര്‍ഷത്തെ രാഷ്ട്രിയക്കളിയില്‍ മത്സരിച്ച് മറന്ന ഒരു വാഗ്ദാനമാണിത്.
ഈ വാഗ്ദാനത്തെ ഓര്‍മ്മിക്കുകയാണ് ഈ അവസരത്തില്‍ നാളത്തെ കേരളത്തിന്റെ സന്ദേശം.

ജനങ്ങളുടെ അറിവില്ലായ്മ തങ്ങളുടെ ഭാഗ്യമായി കരുതുന്നവരാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാരും അവരെ ഇപ്പോള്‍ വട്ടം കറക്കുന്ന കോര്‍പ്പറേറ്റ് ഭീകരരും.

നേതാക്കള്‍ മറന്നു പോയ വാഗ്ദാനം അവരെ ഓര്‍മ്മിപ്പിക്കേണ്ടത് ജനങ്ങളുടെ കടമയാണ്,
 ഘോഷയാത്ര നടത്തിയും കൊടിപിടിച്ചും അവരെ അതു മനസിലാക്കാന്‍ ഇതു വരെ സാദ്ധിച്ചില്ലല്ലോ. പക്ഷെ അതിന്റെ അര്‍ത്ഥം ജനം സ്വയം മനസിലാക്കുന്നു എന്നറിയുമ്പോള്‍ അവര്‍ ജനങ്ങളെ ശ്രദ്ധിക്കും. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയകളെ ഇന്നു ഭരണാധികാരികളും രാഷ്ട്രീയക്കാരും ശ്രദ്ദിക്കുന്നത്.

അതു പോലെ ജനാധിപത്യത്തിന്റെ ചുമതല നേതാക്കളില്‍ മാത്രം അര്‍പ്പിച്ച്, അവരുടെ പുറകെ വാലുകളായി, അണികളായി കൊടിയും പിടിച്ച്, സ്റ്റഡിക്ലാസുകളില്‍ പങ്കെടുത്ത് സിന്ദാബാദു വിളിച്ച്, അഞ്ചു കൊല്ലത്തിനുള്ളില്‍ മത-ജാതി-രാഷ്ട്ര്രിയ പ്രീണനം നടത്തി, കഴിവില്ലാത്ത കുറച്ചു വ്യക്തികളെ ജനപ്രതിനിധികളാക്കി പ്രതിഫലമായിക്കിട്ടുന്ന ഏജന്‍സികൂലി വാങ്ങിക്കുന്നതല്ല ജനാധിപത്യ വ്യവസ്ഥയില്‍ ജനത്തിന്റെ ചുമതല.

അതു പോലെ, കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലീയിലെ ഈ വാഗ്ദാനം ഓരോ വ്യക്തിക്കും ബാധകമാണ്. എന്റെ നാടിന്റെ സ്വാതന്ത്യത്തിലേക്ക് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു എന്നത് ഒരോ വ്യക്തിയും രാജ്യത്തോടും സമൂഹത്തോടും നടത്തുന്ന പ്രതിജ്ഞയാകണം. എന്റെ സ്വാതന്ത്ര്യമവസാനിക്കുന്നിടത്താണ് എന്റെ സുഹൃത്തിന്റെ സ്വാതന്ത്ര്യം തുടങ്ങുന്നത് എന്നറിയണം. അല്ലാതെ എന്റെ സുഹൃത്തില്‍ നിന്നും അയല്വക്കക്കാരില്‍ നിന്നും ഞാനേതെല്ലാം കാരണത്താല്‍ മുന്തിയവനാണ് എന്നു ഭാവിക്കലല്ല.

ഇന്നത്തെ സ്വാതന്ത്ര്യദിനത്തില്‍ നമുക്കു ചെയ്യാന്‍ കഴിയേണ്ടത്, വ്യക്തികള്‍ക്കോ ജനപ്രതിനിധികള്‍ക്കോ പാലിക്കാന്‍ കഴിയാതെ പോയ ആ വാഗ്ദാനത്തെക്കുറിച്ചു ബോധം വക്കുകയാണ്.

ഈ പോസ്റ്റു വായിക്കുന്ന ഓരോരുത്തരും അവരവരുടെ വീടുകളില്‍ മക്കളുമായി, കൂട്ടുകാരുമായി, വിദ്യാര്‍ത്ഥികളുമായി ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുക. നെഹ്രുവിന്റെ പ്രസംഗത്തിന്റെ ഒരോ ഭാഗങ്ങളും ചര്‍ച്ചക്കു വക്കാവുന്നതാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു പ്രദിപാദിക്കുന്ന ഏതെങ്കിലുമൊന്ന് ഉപയോഗിക്കുക. എന്തായിരുന്നു ആ ചര്‍ച്ചയില്‍ അവരുടെ പ്രതികരണങ്ങള്‍ എന്ന് കമന്റായി ഇവിടെ എഴുതുക.

അറുപത്തിനാലു വര്‍ഷത്തിനു മുന്‍പു നേടിയെടുത്ത രാഷ്ട്ര സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഇന്ന് ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കു ചവച്ചരക്കുന്ന, ലാഭത്തില്‍ ജീവിതവിജയം അളക്കുന്ന, മുതലാളിത്തത്തിനു മുന്‍പില്‍ അടിയറവക്കണോ എന്നു തീരുമാനിക്കാന്‍ എത്ര കഷ്ടപ്പെട്ടിട്ടാണ് അതു നേടിയെടുത്തതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അതിന് ഈ ചര്‍ച്ച ഉപകരിക്കുമെന്നു വിശ്വസിച്ചു കൊണ്ട്,

എല്ലാവര്‍ക്കും ശുഭ സ്വാതന്ത്ര്യദിനം ആശസിക്കുന്നു