Thursday, September 29, 2011

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 4(അവസാന ഭാഗം)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...കുറച്ചു കൂടി സെല്‍ഫ് ഡിഫന്‍സ് ടെക്നിക്സ്...
 
മൂക്കിനിട്ട് കിക്ക് ചെയ്യുന്ന കാര്യം പറഞ്ഞല്ലോ..ഇനി ആരെങ്കിലും നമ്മുടെ ഒരു കയ്യില്‍ ബലമായി പിടിച്ചിരിക്കുന്നു എന്നിരിക്കട്ടെ, ഏതെങ്കിലും ഒരു കൈ ഫ്രീ ആണെങ്കില്‍, കൈ ചുരുട്ടി കൊണ്ട് വിരലും നടൂ വിരലും നിവര്‍ത്തി പിടിക്കുക, എന്നിട്ട് കണ്ണില്‍ കുത്തിയിറക്കുക..പിന്നെ ഒരു സെക്കന്റ്‌ പോലും കഴിയുന്നതിനു മുന്‍പേ അവര്‍ നിങ്ങളുടെ മേലുള്ള പിടി വിട്ടിരിക്കും. ശത്രുവാണ് എങ്കിലും കണ്ണില്‍ കുത്താന്‍ ഒരു മനസാക്ഷികുത്തു അനുഭവപ്പെട്ടെന്നിരിക്കും, അത് കാര്യമാക്കരുത്..നിങ്ങളോട് കാണിക്കാത്ത കാരുണ്യം തിരിച്ചു വിചാരിക്കേണ്ട ഒരു കാര്യവുമില്ല. ശേഷം കാലം അവന്‍ കണ്ണ് പൊട്ടനായി ജീവിച്ചാലും കുഴപ്പമില്ല, വേറെ കുറച്ചു പെണ്‍കുട്ടികള്‍ കൂടിയായിരിക്കും രക്ഷപ്പെടുന്നത്.

മറ്റൊരു രീതിയുണ്ട്, അതും ചൂണ്ടു വിരല്‍ ഉപയോഗിച്ചു തന്നെ.., കണ്ണിനു പകരം കഴുത്താണെന്ന് മാത്രം. അവന്റെ 'Adam's Apple ' നെ ഇപ്പോള്‍ പുറത്തെടുക്കും എന്ന പോലെ കഴുത്തില്‍ വിരല്‍ കുത്തി ഇറക്കുക. പിടി വിട്ടിരിക്കും. 

ഇനി നമ്മുടെ കാലുകള്‍ക്ക് ഒരല്‍പം സ്പേസ് കിട്ടുകയാണെങ്കില്‍, മുട്ട് മടക്കി കാലുകള്‍ക്കിടയില്‍ ശക്തിയായി ഇടിക്കുക. അതുമല്ലെങ്കില്‍, നമുക്കും എതിരാളിക്കും ഇടയില്‍ കുറച്ചു കൂടി അകലം ഉണ്ടെങ്കില്‍ കാല്‍ മുട്ടിനു പകരം കാല്‍ പാദം ഉപയോഗിക്കാം..പക്ഷെ, കാലില്‍ പിടിച്ചു തള്ളി വീഴ്ത്തിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. അത് കൊണ്ട് ഈ പ്രയോഗം വളരെ സൂക്ഷിച്ചു മതി. 

ഇതിനൊന്നും അവസരമില്ലാതെ പുറകില്‍ നിന്നോ മുന്‍പില്‍ നിന്നോ അനങ്ങാനാവാതെ ചേര്‍ത്തു പിടിച്ചാല്‍ എന്ത് ചെയ്യും? കൈകള്‍ ഫ്രീ ആണെങ്കില്‍ പിന്നെ ഒന്നും നോക്കാനില്ല, ജനനേന്ദ്രിയത്തില്‍ പിടിച്ചു ശക്തിയായി ഞെരിക്കുക. പിടി താനേ അയയുന്നത് കാണാം. 

എന്തെങ്കിലും ചെയ്യാനാകുന്നതിനു മുന്‍പേ തന്നെ താഴെ തള്ളിയിട്ടാലും, അനങ്ങാന്‍ ആകാത്ത വിധത്തില്‍ പിടിച്ചിരുന്നാല്‍ പോലും, തിരിച്ചു പ്രതികരിക്കാന്‍ കഴിയുന്ന ഒരു പാട് അവസരങ്ങള്‍ വീണു കിട്ടും. കരഞ്ഞും കുതറിയും ഉള്ള ഊര്‍ജം കളയുന്നതിനു പകരം ഇത്തരം അവസരങ്ങള്‍ക്കും വേണ്ടി ശ്രദ്ധിച്ച് നോക്കുക. കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ തിരിച്ചടിക്കണം. ശ്രദ്ധിക്കേണ്ട ഒരു കാര്യം, തിരിച്ചടികള്‍ അപ്രതീക്ഷിതം ആയിരിക്കണം എന്നതാണ്. മൂക്കിനിടിക്കണം എന്ന് പറയുമ്പോള്‍, അത് ഒരിക്കലും പതുക്കെ ആകരുത്. പതുക്കെ ആയിപ്പോയാല്‍ പ്രതീക്ഷിച്ച ഫലം കിട്ടില്ലെന്ന് മാത്രമല്ല, നമ്മുടെ നീക്കം എന്താണെന്ന വ്യക്തമായ ചിത്രം എതിരാളിക്ക് കിട്ടുകയും ചെയ്യും. ആദ്യത്തെ അടി, അത് എവിടെ ആയാലും, കൃത്യമാണ് എങ്കില്‍(അല്ലെങ്കിലും!), അടുത്ത അടവുകളും പിന്നാലെ പ്രയോഗിക്കാം. നമുക്ക് ഓടി രക്ഷപ്പെടാനുള്ള സമയം കിട്ടും എന്ന് കണ്ടാല്‍ പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഓടണം.
   
മുന്‍പൊരു പോസ്റ്റില്‍ പറഞ്ഞതു പോലെ ഇതെല്ലാം ചെയ്യണമെങ്കില്‍ തന്നെ ആദ്യം വേണ്ട ഒന്നുണ്ട് - അല്‍പ്പം ആരോഗ്യം!. പലപ്പോഴും സ്ത്രീകള്‍ വീട്ടുകാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ വിട്ടുപോകുന്ന ഒന്നാണ് സ്വന്തം ആരോഗ്യം. നല്ല diet പിന്തുടരുകയും, വ്യായാമം ചെയ്യുകയും ചെയ്തു ആരോഗ്യം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നാല്‍ മാത്രമേ ഇന്നത്തെ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയു.
Saturday, September 17, 2011

രജോദര്‍ശന പാപം.

ബി.സി. കാക്കത്തൊള്ളായിരത്തിനാനൂറ് (സെര്‍ക). നൂറ്റിപതിനേഴാം ദേവാസുര യുദ്ധം നടക്കുന്ന സമയം. എന്തോ സൗന്ദര്യപിണക്കത്തിന്റെ പേരില്‍ ദേവഗുരുവായ ബൃഹസ്പതി യുദ്ധത്തോട് സഹകരിക്കാതെ പിന്തിരിഞ്ഞു നില്ക്കുകയാണ്. ദേവന്മാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. വിവരമുള്ള ഒരുത്തന്‍ പോലും കൂടെയില്ലാത്തതാണു പ്രശ്നം എന്നു മനസ്സിലാക്കിയ ഇന്ദ്രന്‍, വിശ്വരൂപന്‍ എന്നൊരു ചങ്ങാതിയെ ദേവഗുരുവായി നിയമിച്ചു. പറഞ്ഞുവരുമ്പോള്‍ ഇദ്ദേഹത്തിന്റെ വലിയ കാരണവന്മാര്‍ അസുരന്മാരാണ്. പക്ഷെ വിശ്വരൂപന്‍ തികഞ്ഞ ദേവപക്ഷക്കാരനാണ്. അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യത്തില്‍ ദേവന്മാര്‍ ജയിച്ചു കയറി. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്ദ്രനൊരു സംശയം, ഈ കക്ഷി പിന്നീട് കാലു വാരുമോ എന്ന്. രണ്ടാമതൊന്നാലോചിച്ചില്ല, വജ്രായുധമെടുത്ത് ഒരു പ്രയോഗം. വിശ്വരൂപന്‍ താഴെ. ദേവരാജാവാണെന്നു പറഞ്ഞിട്ട് കാര്യമില്ല, നിയമം നിയമം തന്നെ, ഒരു നിരപരാധിയെ വധിച്ചതിനു ശിക്ഷയായി കൊടിയ പാപം ഏല്‍ക്കേണ്ടി വന്നു ഇന്ദ്രന്. ഇന്ദ്രന്‍ പക്ഷെ പ്രജാവത്സലനും തികഞ്ഞ സോഷ്യലിസ്റ്റുമായിരുന്നു. അദ്ദേഹം തനിക്ക് കിട്ടിയത് നാലായി പകുത്ത് ഭൂമിക്കും, ജലത്തിനും, വൃക്ഷത്തിനും സ്ത്രീക്കുമായി നല്കി. അങ്ങിനെ ഭൂമിയുടെ കുറച്ചു ഭാഗം മരുഭൂമിയായി മാറി, ജലത്തില്‍ ഒരു ഗുണവുമില്ലാത്ത നുരയും പതയും ഉണ്ടായി, വൃക്ഷങ്ങള്‍ക്ക് പാനയോഗ്യമല്ലാത്ത കറയുണ്ടായി, സ്ത്രീകള്‍ക്ക് രജോദര്‍ശനവും (ആര്‍ത്തവം) ഉണ്ടായി!

 ഇങ്ങനെ ഒരു പാപഫലത്താല്‍ ഉണ്ടായതിനാലാവാം ഹിന്ദുക്കള്‍ ആര്‍ത്തവത്തെ മ്ലേശ്ചമായി കാണുന്നത്. രജസ്വലയായ സ്ത്രീ തൊട്ടുകൂടാത്തവളാണ്. അവള്‍ ഗൃഹത്തിലുള്ള ഒന്നിലും സ്പര്‍ശിച്ചുകൂടാ, വീടിനു പുറത്ത് കഴിയണം അങ്ങിനെ അങ്ങിനെ. (ആര്‍ത്തവകാലത്ത് സ്ത്രീക്ക് വിശ്രമം ആവശ്യമാണെന്നും അതിനൊരു മാര്‍ഗ്ഗമായാണ് ഈ നിബന്ധനകളെന്നും എന്റെ സുഹൃത്തായ ഒരു ആയുര്‍വേദ ഡോക്ടര്‍ പറയുന്നു. പക്ഷെ അതോടൊപ്പം തന്നെ അദ്ദേഹം ആര്‍ത്തവാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് നശീകരണ ശക്തിയുമുണ്ട് എന്നും അതുകൊണ്ടു തന്നെ അവര്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നും വിശ്വസിക്കുന്നു.) ഹിന്ദു മതത്തില്‍ മാത്രമല്ല, ഒട്ടുമിക്ക പ്രാചീന മതങ്ങളിലും ആര്‍ത്തവത്തോടും സ്ത്രീകളോടുമുള്ള സമീപനം വ്യത്യസ്തമല്ല. പല ക്രിസ്ത്യന്‍ വിഭാഗങ്ങളിലും സ്ത്രീകളെ ആര്‍ത്തവകാലത്ത് ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാറില്ല. ഇസ്ലാമില്‍ ആ സമയത്ത് സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് പോലും അനുവാദമില്ല.

 ആര്‍ത്തവം പോലെ സ്വാഭാവികവും സാമാന്യവുമായ ഒരു പ്രതിഭാസത്തിനോട് എന്തുകൊണ്ടാവും ഇത്ര പ്രതിലോമകരമായ ഒരു പ്രതികരണം ഉണ്ടാവുന്നത്? രക്തം കാണുന്നതും ചൊരിയുന്നതും പുരുഷനെ സംബന്ധിച്ച് വീരോചിതമായി പരിഗണിക്കപ്പെടുമ്പോള്‍ തന്നെ സ്ത്രീയുടെ കാര്യത്തില്‍ അത് മ്ലേശ്ചവും അധമവും ആകുന്നു. സ്ത്രീ ജനനേന്ദ്രിയത്തെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതകള്‍ പുരുഷ ധൈഷണികതയ്ക്ക് വെല്ലുവിളിയാവുന്നത് അവനെ ശത്രുപക്ഷത്താക്കിയിരിക്കാം. ഒരു തരം അസൂയ. വേറൊരു സാദ്ധ്യത, പല സ്ത്രീകളിലും കാണപ്പെടുന്ന ചാക്രിക അസ്വസ്ഥതകള്‍ ആര്‍ത്തവത്തോടെ മാറുന്നു എന്ന നിരീക്ഷണമാവാം. ശരീരത്തില്‍ ഉണ്ടാകുന്ന വിഷവസ്തുക്കള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ആര്‍ത്തവത്തിലൂടെ ഈ ദൂഷ്യങ്ങള്‍ പുറം തള്ളുകയും ചെയ്യുന്നു എന്നു വിശ്വസിക്കുമ്പോള്‍ സ്വാഭാവികമായും സ്ത്രീയ്ക്കും മാസമുറയ്ക്കും ഒരു 'ദുഷ്ട്' പദവി ലഭിക്കുന്നു.

 ഈ നിഗമനം ശാസ്ത്രലോകത്തെപ്പോലും പതിറ്റാണ്ടുകളോളം വഴി തെറ്റിച്ചു. വൈദ്യശാസ്ത്രത്തില്‍ ഇത്തരമൊരു ചിന്താഗതിക്ക് വഴിമരുന്നിട്ടത് 1920 ല്‍ വിയന്നയിലെ പ്രസിദ്ധനായ ഒരു ഭിഷഗ്വരനായിരുന്ന ഡോ: ബേലാ ഷിക്കിന്റെ ഒരു പ്രബന്ധത്തോടെയായിരുന്നു. ഡോ: ഷിക്കിനുണ്ടായ ഒരു അനുഭവമായിരുന്നു അദ്ദേഹത്തെ ആ വഴിക്ക് തിരിച്ചു വിട്ടത്. ഒരു ദിവസം അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ ഏതോ രോഗി നന്ദിപൂര്‍വ്വം കൊടുത്തയച്ച കുറച്ച് പൂക്കളെത്തി. ഷിക്ക് അദ്ദേഹത്തിന്റെ നഴ്സിനോട് ആ പൂക്കള്‍ ഒരു പൂപ്പാത്രത്തിലേക്ക് മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ സിസ്റ്റര്‍ വിസമ്മതിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ താന്‍ ഇപ്പോള്‍ ആര്‍ത്തവത്തില്‍ ആണെന്നും ഇങ്ങനെയിരിക്കെ പൂക്കളില്‍ സ്പര്‍ശിച്ചാല്‍ അവ വാടിപ്പോകുമെന്നും അവര്‍ പറഞ്ഞു. അവര്‍ക്ക് അത്തരത്തില്‍ മുന്‍ അനുഭവം ഉണ്ടത്രെ. ഡോക്ടറിലെ ശാസ്ത്രന്വേഷി ഉണര്‍ന്നു. അദ്ദേഹം അതില്‍ പകുതി പൂവുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഒരു പൂപ്പാത്രത്തില്‍ വെച്ചു, ബാക്കി പകുതി ആ നഴ്സിനെക്കൊണ്ട് നന്നായി 'കൈകാര്യം ചെയ്യിപ്പിച്ച്' വേറൊരു പാത്രത്തില്‍ വെയ്പ്പിച്ചു. അത്ഭുതകരമെന്നു പറയട്ടെ, നഴ്സ് വെച്ച പൂക്കള്‍ അധികം വൈകാതെ വാടിപ്പോയി, മറ്റേ പാത്രത്തിലെ പൂക്കള്‍ കൂടുതല്‍ സമയം വാടാതിരുന്നു. ഡോ: ഷിക്ക് ഈ പരീക്ഷണം പ്രസിദ്ധീകരിച്ചു.

ഇത് വൈദ്യശാസ്ത്രലോകത്ത് വന്‍ ചലനമുണ്ടാക്കി. തുടര്‍ന്ന് പലരും ഇത്തരം പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു. ചിലര്‍ പരീക്ഷണമൃഗങ്ങളില്‍ ആര്‍ത്തവരക്തം കുത്തിവെച്ചു, അവ ചത്തുപോയി. റൊട്ടി ഫാക്ടറികളില്‍ ആര്‍ത്തവത്തില്‍ ഉണ്ടായിരുന്ന സ്തീകള്‍ കൈകാര്യം ചെയ്തിരുന്ന മാവ് ചീത്തയായിപ്പോയി, വീഞ്ഞു പുളിച്ചു പോയി അങ്ങിനെ വാര്‍ത്തകള്‍ പടര്‍ന്നു. ആര്‍ത്തവരക്തത്തില്‍ ഏതോ വിഷവസ്തു ഉണ്ട് എന്ന ധാരണ പ്രബലമായി. ഈ ആര്‍ത്തവ വിഷത്തെ (Menotoxin) കണ്ടെത്താനുള്ള ശ്രമമായി പിന്നെ. ഈ വിഷം രക്തത്തില്‍ മാത്രമല്ല സ്ത്രീകളുടെ എല്ലാ ശ്രവങ്ങളിലുമുണ്ട് എന്നായി വേറൊരു പക്ഷം. 1936 ല്‍ പേള്‍സ്റ്റീന്‍ മാത്യുസണ്‍ എന്നീ ഗവേഷകര്‍ ആര്‍ത്തവത്തില്‍ ഉള്ള അമ്മമാര്‍ പാലൂട്ടുന്നതിനാലാണ് കുഞ്ഞുങ്ങള്‍ക്ക് ആസ്തുമയും വയറു വേദനയും ഉണ്ടാകുന്നത് എന്ന് അവകാശപ്പെട്ടു. (സത്യത്തില്‍ ഈ വാദത്തില്‍ പുതുമ ഒന്നും ഉണ്ടായിരുന്നില്ല. കാരണം 13ആം നൂറ്റാണ്ടിലെ 'സ്ത്രീ രഹസ്യങ്ങള്‍' (De Secretin Mulierum) എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ ഇക്കാരണം കൊണ്ടാണ് കുട്ടികള്‍ക്ക് ചുഴലിയും കുഷ്ഠവും വരുന്നത് എന്ന് പറഞ്ഞിരുന്നു.)

 പ്രശസ്ത വൈദ്യശാസ്ത്രസ്ഥാപനമായ ജോണ്‍ ഹോപ്കിന്‍സിലെ അദ്ധ്യാപകനും ഗവേഷകനുമായിരുന്ന ഡേവിഡ് മാക് (David Israel Macht, 1882 - 1961) ആണ് മെനോടോക്സിന്‍ ഗവേഷണങ്ങളെ വളരെ മുന്നോട്ട് കൊണ്ടുപോയ ഒരു വ്യക്തി. വിഷവസ്തുക്കളുടെ വീര്യം നിര്‍ണ്ണയിക്കാന്‍ അദ്ദേഹം സസ്യങ്ങളില്‍ അവ ഉപയോഗിച്ച് പഠനം നടത്തി. അങ്ങിനെ ഫൈറ്റോഫാര്‍മക്കോളജി എന്നൊരു പുതിയ സന്കേതം ഉടലെടുത്തു. പാമ്പു വിഷത്തിന്റേയും ആര്‍ത്തവവിഷത്തിന്റേയും (സാമ്യപ്പെടുത്തല്‍ ശ്രദ്ധിക്കുക!) വീര്യനിര്‍ണ്ണയം ഇപ്രകാരം സാധിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ഡേവിഡ് മാക്കിന്റേയും മറ്റുള്ളവരുടേയും പരീക്ഷണസന്കേതങ്ങള്‍ കുറ്റമറ്റതായിരുന്നില്ല. നിരീക്ഷണ മുന്‍വിധികള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും അവര്‍ സ്വീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ പിന്നീട് വന്ന വസ്തുനിഷ്ടമായ പഠനങ്ങള്‍ക്കൊന്നും മെനൊടോക്സിനെ സ്ഥിരീകരിക്കുവാന്‍ സാധിച്ചില്ല. അങ്ങിനെ ആറു പതിറ്റാണ്ടോളം നീണ്ടു നിന്ന മെനോടോക്സിന്‍ ഉന്മാദത്തില്‍ നിന്നും ശാസ്ത്രലോകം മുക്തി പ്രാപിച്ചു.

 തുടർന്ന് വായിക്കുക.

Monday, September 5, 2011

സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ - 3

വഴിയെ പോകുന്ന ഒരുത്തന്‍ നമ്മളെ അറ്റാക്ക്‌ ചെയ്യുന്നു എന്ന് കരുതുക...എന്ത് ചെയ്യണം???? എന്തൊക്കെ ചെയ്യരുത്??? എല്ലാം ഒന്ന് നേരത്തെ പ്ലാന്‍ ചെയ്തു വെക്കേണ്ടത്  - ഒരിക്കല്‍ പോലും പ്രയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പോലും - ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

സാധാരണ നമ്മള്‍ പെണ്ണുങ്ങള്‍  ഇത്തരം ആക്രമണങ്ങള് ഉണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍  ശ്രമിക്കണം എന്നതാണ് ലോകരുടെ നിയമം. നമ്മുടെ സിനിമകള്‍ തന്നെ കണ്ടു നോക്കിയാല്‍ മതി. വില്ലന്‍ ഒരു പെണ്‍കുട്ടിയെ ഇട്ടു ഓടിക്കുന്നു.. അവള്‍ ആളില്ലാത്ത സ്ഥലത്തേക്ക് തന്നെ കൃത്യമായി ഓടുകയും ചെയ്യും. പിന്നെ വില്ലന്‍ കയറിപ്പിടിക്കുന്നു ..നായിക  'എന്നെ വിടൂ..ഹാ ഹെന്നെ വിടൂ..(ഷീല സ്റ്റൈല്‍) എന്ന് കരയുന്നു. അത്ഭുതം..അതാ നായകനെത്തി  വില്ലനെ ഇടിച്ചു പഞ്ചര്‍ ആക്കുന്നു . അതിനിടയിലും വില്ലന്‍ പല തവണ നമ്മുടെ നായികയെ കയറി പിടിക്കുമെങ്കിലും അവള്‍ തിരിച്ചൊന്നും ചെയ്യില്ല..കരച്ചില്‍ മാത്രം. ഈ സീക്വന്സുകള്‍ക്ക് കാലങ്ങളായിട്ടും  ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് രസം. സത്യത്തില്‍ നമ്മുടെ സുരക്ഷ ആണുങ്ങളുടെ മാത്രം ചുമതലയാണോ?  അങ്ങനൊരു നായകന്‍ എപ്പോഴും നമ്മുടെ രക്ഷക്കെത്തുമോ? ഇല്ല എന്നു സംശയമെങ്കിലും ഉള്ളവര്‍ മാത്രം തുടര്‍ന്നു വായിക്കുക.

ഓടണോ അതോ തിരിച്ചടിക്കണോ?
എതിരാളി ഒന്നേ ഉള്ളുവെങ്കില്‍, വിജനമായ സ്ഥലമാണെങ്കില്‍, അല്ലെങ്കില്‍ ഓടാന്‍ കഴിയാത്ത വിധം മുന്‍പില്‍ തടസ്സങ്ങളുണ്ടെങ്കില്‍(eg : ട്രെയിന്‍), പിന്നെ ഓടിയിട്ടും കാര്യമില്ലല്ലോ. അപ്പോള്‍ ചെയ്യാവുന്നത്  ചെറുത്തു നില്‍പ്പ് മാത്രമാണ്. മറിച്ച്, ഒന്നിലധികം അക്രമികള്‍ ഉണ്ടെങ്കില്‍ ഓടുകയെ മാര്‍ഗമുള്ളൂ. ഒന്ന് നിലവിളിച്ചാല്‍ ആരെങ്കിലും കേള്‍ക്കുന്ന ഏതെങ്കിലും സ്ഥലത്താണ് നില്‍ക്കുന്നതെങ്കിലും നിലവിളിച്ചു കൊണ്ട് ഓടാവുന്നതാണ്.

ഇനി ആദ്യം പറഞ്ഞ അവസ്ഥയില്‍ ആണെങ്കില്‍ ചെയ്യാവുന്ന കുറച്ചു  പ്രയോഗങ്ങള്‍ ഉണ്ട്. 
ഒന്നാമത് അത്യാവശ്യം കയ്യില്‍ വേണ്ട ചില ഉപകരണങ്ങളെ കുറിച്ചു മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവില്‍ ഏതെങ്കിലും പെട്ടെന്ന്  പ്രവര്‍ത്തിപ്പിക്കാന് കഴിയുമെങ്കില്‍ അതാണ്‌ ഏറ്റവും നല്ലത്. ഇനി അവയൊന്നും കയ്യില്‍ ഇല്ലെങ്കില്‍(എടുക്കാനുള്ള സമയം ലഭിച്ചില്ലെങ്കിലും) പിന്നെ നമ്മുടെ ചില ശരീര ഭാഗങ്ങള്‍ തന്നെ ഒന്നാന്തരം ആയുധങ്ങളാണ്. അവ കൈമുട്ടുകള്‍, കൈപ്പത്തി, കാല്‍ മുട്ടുകള്‍,  കാല്‍പാദം, കയ്യിലെ നഖങ്ങള്‍, തല, പല്ലുകള്‍  എന്നിവയാണ്. ഓരോന്നും എങ്ങനെ പ്രയോഗിക്കണമെന്നു പറയാം. 
അതിനു മുന്‍പേ, നമ്മുടെ എതിരാളിയുടെ  ദുര്‍ബ്ബല സ്ഥാനങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.   
അവ ഇനി പറയുന്നവയാണ് - കണ്ണുകള്‍, മുക്ക്, കഴുത്തു, ജനനെന്ദ്രിയങ്ങള്‍, ചെവിക്കു പുറകിലുള്ള ഭാഗം..ഇനിയും കാണും, തല്‍കാലം ഇത്രയും പറഞ്ഞു നിര്‍ത്തുന്നു. 
  
ഇപ്പോഴും സംശയം തോന്നാം, ഇത്രയും അറിഞ്ഞത് കൊണ്ടെന്തു കാര്യം എന്ന്. കാര്യമുണ്ട്, എന്നെ വിടൂ എന്ന് കരഞ്ഞു കളയുന്ന എനര്‍ജി ഈ അവയവങ്ങല്‍ക്കിട്ടു  പ്രയോഗിച്ചാല്‍ മതി, ശത്രു താഴെ വീഴും, ആ സമയം കൊണ്ട് ഓടി രക്ഷപെടാന്‍ കഴിയും. ഉദാഹരണത്തിന്, അക്രമി നിങ്ങളെ അനങ്ങാനാവാതെ ചുമരിനോട് ചേര്‍ത്ത് പിടിച്ചെന്നു കരുതുക, എപ്പോഴെങ്കിലും ഒരു സെക്കന്റ്‌ സമയം കിട്ടിയാല്‍ തല കൊണ്ട് ആഞ്ഞു മൂക്കിനിടിക്കുക, മൂക്കിനു ആഞ്ഞു ഒരിടി കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മള്‍ അനുഭവിച്ചു കാണുമല്ലോ..ഇനിയും ഉണ്ട് ഇത് പോലെ ചെയ്യാവുന്ന പല ഇന്‍സ്റ്റന്റ് ആക്ഷനുകളും. ചിലത് കൂടി വഴിയെ പറയാം.അതു ചെയ്യാന്‍ കരാട്ടെയോ കുങ്ങ്ഫുവോ ഒന്നും പഠിച്ചിരിക്കണം എന്നില്ല.   എല്ലാം ഒന്നും മനസ്സിലാക്കിയിരുന്നാല്‍ മാത്രം മതി.

പിന്നെ ഇതൊക്കെ പെണ്ണുങ്ങളെ കൊണ്ട്  നടക്കുമോയെന്ന് സംശയിക്കുന്ന പെണ്‍ വായനക്കാരോട് ഒരു വാക്ക് -  സഹായിക്കാന്‍ ഒരുത്തനും വരില്ല- അവനവന്റെ കാര്യം അവനവന്‍ നോക്കിയാല്‍ അവനവനു കൊള്ളാം, അത്ര തന്നെ..