Saturday, October 29, 2011

നമ്മുടെ പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുവോ...


 ഇതൊരു സ്ത്രീ  പക്ഷ  രചനയാണ്. സ്ത്രീകളുടെ പക്ഷത്തു നിന്നുള്ള ഒരവലോകനം. മാന്യ പുരുഷ വായനക്കാര്‍ മനസ്സിലാക്കുമല്ലോ.

 മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ പഴയ കാല സിനിമാ താരം അവതരിപ്പിക്കുന്ന പരിപാടി. കുറെ സംഗീതവും സെന്റിമെന്റ്സും ഒഴിവാക്കിയാല്‍ മനുഷ്യാവസ്ഥ കളെപ്പറ്റി ഒരു നേര്‍ക്കാഴ്ച്ച അതിനുണ്ട് എന്ന് തോന്നുന്നു. ക്ഷമാപണത്തോടെ പറയട്ടെ, ഞാനത് സ്ഥിരമായി കാണാറില്ല.

 ഈയിടെ ഒരു എപ്പിസോഡില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്, രണ്ടു കുട്ടികളുമൊത്ത്, വിവാഹിതനായ മറ്റൊരു പുരുഷനോടൊപ്പം ഒളിച്ചോടിപ്പോയ ഒരു യുവതിയെ കാണാനിടയായി. ഭര്‍ത്താവാണ് പരാതിക്കാരന്‍. വിളിച്ചു വരുത്തപ്പെട്ട യുവതിക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്.വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന്, ഭര്‍തൃ പിതാവില്‍ നിന്ന്, ഭര്‍ത്താവില്‍ നിന്നു തന്നെ,അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍.. വീട്ടില്‍ സുഹൃത്തുക്കളോടൊത്തുള്ള നിരന്തരമായ മദ്യപാനം.  അരക്ഷിതമായ അവസ്ഥയില്‍ നല്ലവനായിതോന്നിയ യുവാവിനോടൊപ്പം മക്കളുടെ സമ്മതത്തോടെ പലായനം. സന്തോഷത്തോടെയുള്ള ജീവിതം..

   നിയമത്തിനു അതിന്റേതായ വഴികളുണ്ട്. അല്ലെങ്കില്‍ അതിന്റേതായ വഴികളേയുള്ളു. മനുഷ്യ മനസ്സിന്റെ വേദനകളും നിരാലംബമായ പരിദേവനങ്ങളും മനസ്സിലാക്കി തീരുമാനമെടുക്കാന്‍ നിയമത്തിനു പരിമിതികളുണ്ട്. വിവാഹിതയായ സ്ത്രീ,വിവാഹിതനായ പുരുഷനോടോത്തു ജീവിക്കുന്നത് വ്യഭിചാരം മാത്രമാണ് നിയമത്തിന്റെ കണ്ണില്‍.

തീരുമാനമെടുക്കുമ്പോള്‍, യുവതിയുടെ ഭര്‍ത്താവിനു വിവാഹ മോചനം വേണം.അനുവദിക്കപ്പെട്ടു. ഒളിച്ചോടിയ യുവാവിന് സ്വന്തം ഭാര്യയോടു പിണക്കമൊന്നുമില്ലെന്കിലും  കൂടെ ജീവിക്കുന്ന യുവതിയെ പിരിയാന്‍ വയ്യ. അത് അനുവദിക്കപ്പെട്ടില്ല. സ്വന്തം ഭാര്യയോടൊത്ത് ജീവിച്ചേ മതിയാവൂ. ഒളിച്ചോടിയ യുവതി, സ്വന്തം അച്ഛനമ്മമാരോടോത്തു ജീവിക്കണം. അവിവാഹിതനായ സഹോദരന്‍ സംരക്ഷിക്കാംഎന്നേറ്റു. അയാള്‍ വിവാഹിതനായിക്കഴിഞ്ഞാലോ...? അത് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ പെടുന്ന കാര്യമല്ല.

         നിയമത്തിന്റെ വശത്തുനിന്നു ഇങ്ങിനെയൊരു തീരുമാനം മാത്രമേ സാദ്ധ്യമാവുകയുള്ളൂ ആകെ പകച്ചു പോയ ആ യുവതിയുടെ സ്ഥിതി കണ്ടിട്ട് എന്റെയുള്ളിലുയര്‍ന്ന ചോദ്യമിതാണ്.' ആ യുവതിക്ക് നീതി കിട്ടിയോ..? ജീവിതകാലം മുഴുവന്‍ അവളെ പീഢിപ്പിച്ച ഭര്‍ത്താവ് സ്വതന്ത്രനായി. അയാള്‍ക്ക്‌ പുതിയൊരു വിവാഹം കഴിച്ചു ജീവിക്കാം. പക്ഷെ,അവളോ...?.തന്റേതല്ലാത്ത തെറ്റിന് ജീവിതത്തില്‍ നിന്നുണ്ടാകുന്ന അനീതി മുഴുവന്‍ സഹിച്ചു ഒരു ജന്മം മുഴുവന്‍ കഴിച്ചു കൂട്ടുകയായിരുന്നോ അവള്‍ ചെയ്യേണ്ടിയിരുന്നത്...?

  നമ്മുടെ നാട്ടിലെ ബഹു ഭൂരിപക്ഷം വിവാഹങ്ങളും നടക്കുന്നത് മാതാപിതാക്കളുടെ തീരുമാനപ്രകാരമാണ്. വിവാഹത്തില്‍ പന്കാളികളാകുന്നവരുടെ മാനസിക പൊരുത്തം അവയില്‍ ഒരു ഘടകം ആകുന്നതേയില്ല.ജാതിയും ജാതകവും,സാമ്പത്തികവും സാമൂഹ്യവും സൌന്ദര്യവും വരെ ചേര്‍ച്ചയുടെ ആവശ്യഘടകങ്ങളാകുമ്പോള്‍  ജീവിതം നയിക്കേണ്ടവരുടെ മാനസിക പൊരുത്തങ്ങള്‍,അഭിരുചികള്‍,ജീവിത വീക്ഷണങ്ങള്‍ ഇവയൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നതേയില്ല. വിവാഹത്തിനു ശേഷം ഇത്തരം ചേര്‍ച്ചയില്ലായ്മകള്‍ മറ നീക്കി പുറത്തു വരുമ്പോള്‍ മാത്രമാണ് പലര്‍ക്കുമിതേപ്പറ്റി ബോധമുണ്ടാകുന്നത് തന്നെ.

ഇപ്പോള്‍ മധ്യ വയസ് കഴിഞ്ഞ തലമുറയെപ്പറ്റി പറയാറുണ്ട്‌, കഴിഞ്ഞ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമിടയില്‍ ഞെരുങ്ങി പോയവരാണ് അവരെന്ന്‍. വളരെ ശരിയാണത്. സ്ത്രീകളെയെടുത്താല്‍,അവരുടെ മുന്‍ തലമുറ പുരുഷന്റെ തണലില്‍ വീട് ഭരിച്ചവരായിരുന്നു. കുടുംബത്തിലുള്ള എല്ലാവരുടെയും എല്ലാത്തരം ആവശ്യങ്ങളും സാധ്യ മാക്കുക പുരുഷന്റെ ചുമതലയില്‍ പെട്ട കാര്യമായിരുന്നു എന്നതു കൊണ്ട്, ഗാര്‍ഹിക, സാമൂഹിക,സാമ്പത്തിക രംഗങ്ങളില്‍ പുരുഷന്‍ ആധിപത്യം നേടിയെടുത്തു. സ്ത്രീ പുരുഷനെ ആശ്രയിച്ചു ജീവിക്കേണ്ടവളായതു കൊണ്ട്പുരുഷാധിഷ്ഠിത സമൂഹത്തില്‍ അവള്‍ രണ്ടാം തരം വ്യക്തിയായി,നിശ്ശബ്ദയാക്കപ്പെട്ടു.

  അടുത്ത തലമുറയില്‍ സ്ത്രീകള്‍  മുഖ്യ ധാരയിലേക്ക് വരികയും പലരും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു. പക്ഷെ,മുതിര്‍ന്ന തലമുറയില്‍ നിന്ന് പകര്‍ന്നു കിട്ടിയ മൂല്യങ്ങളെപ്പറ്റിയുള്ള ധാരണകളില്‍ നിന്ന് മുക്തയാവാന്‍ അവള്‍ക്കു സാധിച്ചില്ല ഫലത്തില്‍, പുരുഷന്റെ ചുമതലകളില്‍ പകുതി പങ്കിട്ടെടുത്ത സ്ത്രീക്ക് അവന്റെ അവകാശങ്ങളുടെ പങ്കു നിഷേധിക്കപ്പെട്ടു. ചോദ്യം ചെയ്യപ്പെടേണ്ട വ്യവസ്ഥിതികളെ ചോദ്യം ചെയ്യാനുള്ള ധൈര്യം അവള്‍ക്കുണ്ടായതുമില്ല.

 ഒരു പക്ഷെ, സ്വന്തം ജീവിതത്തിന്റെ പരാജയങ്ങള്‍ മകളില്‍ ആവര്‍ത്തിക്കപ്പെടരുത് എന്ന് കരുതിയാവാം, പെണ്‍കുട്ടികളെ ധീരരായി വളരാന്‍, അവരെ ആണ്‍ കുട്ടികള്‍ക്കു  തുല്യരായി ഇരിക്കാന്‍  അമ്മമാര്‍ അനുവദിച്ചത്. ജീവിതത്തെ അമ്മയുടെതില്‍ നിന്ന് പുനര്‍ നിര്‍വചിക്കാന്‍ കെല്‍പ്പുള്ള ഒരു തലമുറ ഉണ്ടായി എന്നതാണ് അതിന്റെ നേട്ടം.
വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ്‌ തന്നെക്കാള്‍ കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും അര്‍ഹിക്കുന്നു എന്ന് വിശ്വസിക്കുന്ന പെണ്‍കുട്ടികള്‍ ഇന്ന് അപൂര്‍വമായിരിക്കുന്നു. വിവാഹത്തിന്റെ തീരുമാനം മാതാപിതാക്കളെ ഏല്‍പ്പിക്കുന്നവര്‍ പോലും വിവാഹത്തിനു ശേഷമുള്ള പൊരുത്തക്കേടുകളില്‍ കീഴടങ്ങലിന്റെ  പാത സ്വീകരിക്കുന്നില്ല. അതില്‍ അച്ഛനമ്മമാരുടെയോ ബന്ധുക്കളുടെയോ അഭിപ്രായങ്ങള്‍ക്ക് വില കല്പ്പിക്കുന്നുമില്ല. ഏത് അവഗണനയും പീഢനവും നിശ്ശബ്ദമായി സഹിച്ച്  മക്കള്‍ക്കുവേണ്ടി,കുടുംബത്തിനുവേണ്ടി ജീവിതം ഹോമിച്ച സ്ത്രീകളുടെ തലമുറ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. സ്വന്തം ജീവിതത്തെ മറ്റുള്ളവര്‍ക്കു വേണ്ടി പാഴാക്കി കളയാന്‍ തയാറാവാതെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

വിവാഹ  മോചനത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ളതു പോലെ വീട്ടില്‍ ലാളിച്ചു വഷളാക്കിയതാണോ ഇതിന്റെ കാരണം...? ന്യൂന പക്ഷം അത്തരത്തിലുണ്ട് എങ്കിലും കടമകളും അവകാശങ്ങളും തുല്യമായി പങ്കു വയ്ക്കപ്പെടേണ്ടതാണെന്ന പുതിയ കാഴ്ച്ചപ്പാട് ഒരു നിര്‍ണായക ഘടകമാകുന്നു. സ്വന്തം ജീവിതം മറ്റുള്ളവരുടെ കാല്‍ക്കീഴില്‍ വയ്ക്കാന്‍ തയ്യാറാകാത്ത ധീരരായ ഒരു തലമുറ ഇവിടെ ഉയര്‍ന്നു വന്നിരിക്കുന്നു. അതില്‍ തന്നെ ഒരു വിഭാഗം കുട്ടികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പുനര്‍ വിവാഹിതരാകാതെ മുന്നോട്ടു പോകുന്നു.

കുടുംബം  എന്ന സങ്കല്പം  തന്നെ  പുനര്‍ നിര്‍വചിക്കപ്പെടുകയാണ്, ഇക്കാലങ്ങളില്‍. സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്ത്രീകള്‍ വിവാഹ മോചനത്തിനു ശേഷമുള്ള ജീവിതം വളരെ സന്തോഷപ്രദമായി നയിക്കുന്നത് കാണാനിടയായിട്ടുണ്ട്. പ്രത്യേകിച്ചും, സമൂഹത്തിന്റെ കടന്നു കയറ്റങ്ങളില്ലാത്ത നഗര ജീവിതത്തില്‍.

 സഹജീവിതം (Living together)  എന്ന സങ്കല്പം ഇന്നത്തെ തലമുറയെ ആകര്‍ഷിക്കുന്നുണ്ട്. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങള്‍ ഇതിനനുകൂലമല്ലെങ്കില്‍ പോലും. സ്വന്തം അഭിരുചികള്‍ക്കിണങ്ങിയ പങ്കാളിയോടോത്ത് വിവാഹത്തിന്റെ കെട്ടു പാടുകളും വിധേയത്വങ്ങളുമില്ലാത്ത ജീവിതം നയിക്കുന്നത് അഭികാമ്യമായി കരുതുന്നതില്‍ തെറ്റുണ്ട് എന്ന് പറയാനാവില്ല. വിവാഹത്തിന്റെ കുരുക്കില്‍ പെട്ട് നുകത്തിനു കീഴിലെ കാളയെപ്പോലെ യാതന അനുഭവിക്കുന്നതിലും അഭികാമ്യം ഇത് തന്നെ യാണെന്നാണ് വ്യക്തി പരമായി ഞാന്‍ വിശ്വസിക്കുന്നത്. ഇതും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.


ഏതായാലും, കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണു കുടുംബത്തിലേക്ക് മാറിയ പോലെ വിപ്ലവകരമായ മാറ്റങ്ങള്‍,ഭാര്യയും ഭര്‍ത്താവും മക്കളും അടങ്ങിയ കുടുംബം എന്ന സങ്കല്‍പ്പത്തില്‍ ഉണ്ടാവുക തന്നെ ചെയ്യും. സ്വന്തം ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാനുള്ള ധൈര്യം നമ്മുടെ പെണ്‍കുട്ടികള്‍ സ്വായത്തമാക്കി കഴിഞ്ഞു. നമ്മുടെ മൂല്യ ബോധങ്ങള്‍ അതിനനുസരിച്ചു എങ്ങിനെയാണ് പൊളിച്ചെഴുതപ്പെടുന്നത് എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു...


Monday, October 10, 2011

ഫയർഫ്ലൈയുടെ ലേഖനങ്ങൾ- ഒരനുബന്ധം


ഫയർഫ്ലൈയുടെ സ്വയരക്ഷയെക്കുറിച്ചുള്ള ലേഖനങ്ങളും അതിനോടു തുടക്കം മുതലേ ഉള്ള പ്രതികരണങ്ങളും കണ്ടപ്പോൾ ഒരു ഓർമ്മിക്കലും ഓർമ്മപ്പെടുത്തലും ആവാം എന്നു തോന്നുകയാണ്.

ഒരു സിനിമയ്ക്കു പോകുമ്പോൾ തമാശയായാലും കാര്യമായാലും രണ്ടു പെൺകുട്ടികളുണ്ടെങ്കിൽ ‘ഒരു സേഫ്റ്റിപ്പിൻ എനിക്കു കൂടെ എടുത്തോട്ടാ..’ എന്നു പറയുന്നതു ഇന്നല്ല പണ്ടും ഉണ്ടായിരുന്നു. എന്നു വച്ചാൽ ഞരമ്പു രോഗവും സേഫ്റ്റിടൂൾസ്- പ്രതികരണവും പുതിയതല്ല എന്നർത്ഥം. അവർക്കു കൂടെ കൂട്ടുപോകുന്ന പുരുഷന്മാർ, അച്ഛനോ ആങ്ങളമാരോ  ഇക്കാര്യങ്ങൾ അറിയാറില്ല. ഇടയ്ക്കു തോണ്ടിയവനെ അവർ കുത്തിയിട്ടും ഉണ്ടാവും അതും കൂടെയുള്ള പുരുഷന്മാർ അറിയില്ല. അറിയിക്കില്ല. അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ. തങ്ങളുടെ പുരുഷന്മാർക്കുണ്ടാകാവുന്ന മനഃപ്രയാസങ്ങൾ, വഴക്കിനുപോയാലുണ്ടാവുന്ന ആപത്തുകൾ ഇതൊക്കെ അവരെപ്പോഴും ഒഴിവാക്കാൻ ശ്രമിക്കും. തങ്ങളുടെ പുരുഷന്മാരോടുള്ള അവരുടെ കരുതലാണത്. സ്ത്രീകളുടെ ഇത്തരം ഒരുപാടു നിശ്ശബ്ദമായ കരുതലുകൾ കൂടെ ചേർന്നതാണു പുരുഷന്റെ ജന്മം. അത് ഔദാര്യമനോഭാവത്തോടെ അവർ ചെയ്യാറില്ല, പറയാറില്ല. അതുകൊണ്ട് പുരുഷന്മാർ പൊതുവെ അറിയാറില്ല..

അതു പോട്ടെ.

അന്ന് സിനിമാതിയറ്ററിൽ ഇരുട്ടിലോ മറ്റോ നെഞ്ചിടിപ്പോടെ ഏതെങ്കിലും കോന്തൻ സീറ്റിനു പുറകിലൂടെ കൈ കൊണ്ടോ കാൽകൊണ്ടോ തോണ്ടാനോ നുള്ളാനോ കമന്റടിക്കാനോ  തുനിഞ്ഞിരുന്നെങ്കിൽ, (‘ആ കുരങ്ങനെന്നെ ജയഭാരതീന്നു വിളിച്ചു‘.  കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോൾ ‘ആ ശവം എന്നെ സിൽക്കുസ്മിതാന്നു വിളിച്ചു. അവൻ മുടിഞ്ഞു പോവ്വേള്ളൂ. തെണ്ടി!‘  ഇതൊക്കെയായിരുന്നു അങ്ങേയറ്റത്തെ ഹറാമ്പിറന്ന കമന്റുകളും  കമന്റുകളെക്കുറിച്ചുള്ള ഹറാമ്പിറന്ന പ്രതികരണങ്ങളും. ശരീരത്തിൽ തൊട്ടാൽ സേഫ്റ്റിപ്പിന്നുകൊണ്ടുള്ള കുത്തും.) ഇന്നു യാതൊരു ഉളുപ്പുമില്ലാതെ ഇതൊക്കെ എന്റെ കേമത്തം, അവകാശം, ഇതിനൊക്കെ വേണ്ടി ജനിച്ച ധീരൻ ഞാൻ എന്ന മട്ടിൽ,  അങ്ങേയറ്റം നികൃഷ്ടമായ രീതിയിൽ ചില പുരുഷന്മാർ പെരുമാറുന്നു. അപ്പോൾ വെറും സേഫ്ടി പിന്നിൽ നിന്നു ഇങ്ങനെ ഫയർഫ്ളൈ പറഞ്ഞതുപോലെയുള്ള ടൂൾസിലേക്കു മാറുന്നതിനെക്കുറിച്ചും സ്ത്രീകളുടെ സ്വയരക്ഷയെക്കുറിച്ചും പറയുമ്പോൾ അതിനെ അതിശയോക്തിയെന്നു പറഞ്ഞ് തള്ളാൻ വയ്യ.

ഈ ലേഖനങ്ങൾ വായിക്കുമ്പോൾ തമാശയായി തോന്നാം. എന്താത്! യുദ്ധത്തിനു പോവുകയാണോ? അതെ. അങ്ങനെയാണിപ്പോൾ ജീവിതം.

എല്ലാ സ്ത്രീകളും ഈ ടൂൾസെല്ലാം നിർബന്ധമായും കയ്യിൽ വച്ച് നടക്കണം. അയല്പക്കത്തെ ചേട്ടന്മാർ ഒന്നു നോക്കിയാൽ അവരുടെ മോത്തൊക്കെ കുരുമുളകു സ്പ്രേ അടിക്കണം എന്നു പറയുന്നു എന്ന രീതിയിൽ ഈ ലേഖനങ്ങളെ കാണരുത്. ആരും സഹായത്തിനില്ലാതെ, നിസ്സഹായമായ ഒരു പരിതസ്ഥിതിയിൽ (അതു പ്രതീക്ഷിക്കണമല്ലോ-നൂറാളു ചുറ്റിലും ഉണ്ടെങ്കിലും അതു  പ്രതീക്ഷിക്കണം!), സ്വയരക്ഷയ്ക്ക് വേണ്ടിവന്നാൽ ഉപയോഗിക്കുവാൻ കരുതിയിരിക്കുക എന്നാണ് ടൂൾസിനെക്കുറിച്ചു പറയുമ്പോൾ ഉദ്ദേശിക്കുന്നത്.      

പെണ്ണിന്റെ ചുട്ട ഒരു നോട്ടം കൊണ്ടു വൃത്തികേടു പറച്ചിലും പ്രവൃത്തിയും അവസാനിപ്പിക്കുന്ന പുരുഷന്മാർ ഉണ്ട്. അവരെ അങ്ങനെത്തെന്നെയാണു കൈകാര്യം ചെയ്യേണ്ടത്. അല്ലാത്തപ്പോൾ തിരിഞ്ഞു നിന്നു ചീത്ത വിളിക്കാൻ ശീലിക്കണം. സ്ത്രീകളോടുള്ള അഭ്യർത്ഥന, ഏതെങ്കിലും പെൺകുട്ടി/സ്ത്രീ ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുമ്പോൾ കഴിയാവുന്നത്ര സപ്പോർട്ടു നൽകുക. നമ്മൾ പുഴുങ്ങിയ ചിരി ചിരിച്ച് നിൽക്കരുത്. നമുക്കെല്ലാവർക്കും അറിയാം എത്ര തന്റേടം സംഭരിച്ചിട്ടു വേണം, എത്ര  അസഹ്യമായിട്ടുവേണം നമ്മുടെ നാട്ടിലെ സാഹചര്യത്തിൽ,  അങ്ങനെ പ്രതികരിക്കാനെന്ന്. ആ സമയത്തു കൂടെയുള്ള 10 സ്ത്രീകൾ സപ്പോർട്ട് നൽകിയാൽ എത്ര ആശ്വാസവും  ആത്മധൈര്യവും ഉണ്ടാവുമെന്നോർക്കണം.  

ഒരു പെൺകുട്ടി നിൽക്കുന്നു. അവളെ കടന്നുപോവുകയാണൊരുത്തൻ. നടന്നോ, സൈക്കിളിലോ,  ബൈക്കിലോ- അവളുടെ അടുത്തെത്തുമ്പോൾ ഒരു പച്ചത്തെറി. വെറുതെയങ്ങു പറയുകയാണ്. പരസ്പരം അറിയാത്ത മനുഷ്യരാണ്. എന്നാലും അവനങ്ങനെ പറയണം (അവന്റെ ഏതു രോഗമാണതുകൊണ്ടു ശമിക്കുന്നതെന്നെനിക്കറിഞ്ഞുകൂട!).  ആ സമയത്തു പിന്നാലെ ഓടിച്ചെന്നു കുരുമുളകു   സ്പ്രേയെടുത്തടിക്കാനോ താക്കോൽ ചേർത്തു മൂക്കത്തിടിക്കാനോ അല്ല പറയുന്നത്. (മൂക്കത്തിടിക്കാൻ തോന്നിപ്പോകും എന്നതു വേറെ  കാര്യം) അത്തരം സന്ദർഭത്തിൽ ഉറക്കെ ചീത്ത വിളിക്കണം.  അങ്ങനെ ഉറക്കെ പ്രതികരിക്കാൻ പെൺകുട്ടികളും സ്ത്രീകളും  വീട്ടിൽ തന്നെ വാ തുറന്നു ശീലിക്കണം. അവരെ ശീലിപ്പിക്കണം!   ഇത്തരം ഒരു അസഭ്യം കേട്ടിട്ടു പ്രതികരിക്കാനാവാത്ത അവസ്ഥ ഒരു സ്ത്രീക്കു ആരാന്റെ കഫം വിഴുങ്ങിയതിനു തുല്യമാണ്. അതിനു  ശേഷം ദിവസങ്ങളോളം അവൾക്കു തോന്നുന്ന ആത്മനിന്ദയും  അവജ്ഞയും വെറുപ്പും എത്രയെന്ന് എത്ര പറഞ്ഞാലും പുരുഷന്മാർക്കു മനസ്സിലാവില്ല. ഈ അവസ്ഥ അനുഭവിക്കാത്ത സ്ത്രീകൾ നമ്മുടെ നാട്ടിൽ കുറവാണു താനും.

ഇതിനൊക്കെ മാറ്റം  വരേണ്ടേ? ഈ ചീഞ്ഞു നാറിയ മാനസികാവസ്ഥയോടെ സ്ത്രീകൾ  എത്ര കാലം ജീവിക്കണം? അതുകൊണ്ടു ബസ്റ്റാന്റുകളിലും ബസ്സുകളിലും വഴിയിലുമെല്ലാം ഒരു സ്ത്രീ പ്രതികരിക്കുമ്പോൾ  കൂടെനിൽക്കുന്നവരും പേപ്പട്ടിയോടെന്ന പോലെ അത്തരം  നികൃഷ്ടന്മാരോട് പ്രതികരിച്ചാൽ, അങ്ങനെ 10 സംഭവങ്ങൾ 10  ദിവസമുണ്ടായാൽ കുറേ ഒതുങ്ങും ഈ അഴുകിയ ജന്മങ്ങൾ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോൾ ആറടി പൊക്കവും കസവു പുതമുണ്ടും സ്വർണ്ണമാലയുമൊക്കെയിട്ട ഒരു   അസാമാന്യമാന്യദേഹത്തിൽ നിന്നു കിട്ടിയ അനുഭവത്തിന്റെ അറപ്പു തീരാൻ ഞാൻ എഴുതിയതാണ്, അഴുകിയ ജന്മങ്ങൾ എന്ന കവിത.   

ആരുടേയോ അമ്മയോ സഹോദരിയോ. അവളെ അസഭ്യം പറഞ്ഞു  രസിക്കുമ്പോൾ സ്വന്തം അമ്മയേയോ സഹോദരിയേയോ വേറൊരുത്തൻ വേറെ എവിടെയെങ്കിലും അസഭ്യം പറഞ്ഞു   രസിക്കുന്നുണ്ടാവും എന്നതു ചിന്തിക്കാനറിയാത്ത കണ്ണുപൊട്ടിയ  കഴുതകളാണീ ഞരമ്പുരോഗികൾ. അവനറിയില്ല, അവന്റെ അമ്മയ്ക്കും പെങ്ങൾക്കും കിട്ടുന്നത്. അതുപോലെ മറ്റവനറിയില്ല  അവന്റെ അമ്മയ്ക്കും പെങ്ങൾക്കും കിട്ടുന്നത്. പരസ്പരം  കാണുമ്പോൾ, അവർ എത്ര കേമന്മാർ! സ്ത്രീകളെ നിർഭയരായി  അസഭ്യം പറയാനൊക്കെ പാങ്ങുള്ള മിടുമിടുക്കന്മാർ! ഈ നാണം  കെട്ട മിടുക്ക് അവരുടെ കുടുമ്മത്തുള്ള സ്ത്രീകളുടെ ഔദാര്യമാണ്.  ആ പാവം സ്ത്രീകൾ കിട്ടുന്നതൊന്നും വീട്ടിൽ പറയുന്നില്ല!     

സ്ഥിതി മോശമാണ്. ഇതിനിടയിൽ ഒരു ഉപദ്രവവും സഹിക്കാതെ യാത്ര ചെയ്യുന്ന സഹോദരിമാരും ഉണ്ടാവും. അവരുടെ ആ  സൌഭാഗ്യം എന്നും അവരോടൊത്തുണ്ടാവട്ടെ. പക്ഷേ  അതുകൊണ്ട്, വേറാർക്കും അത്തരം കഷ്ടതകൾ ഇല്ല എന്നു  ചിന്തിക്കുകയോ പറയുകയോ ചെയ്യരുത്.   

പുരുഷസഹോദരരോടാണു ഞാൻ കൂടുതൽ പറയാൻ ഉദ്ദേശിച്ചത്.  ഇത്രക്കു ഭീകരമാണോ സ്ഥിതി എന്നു നിങ്ങൾ അന്തം വിടുന്നതു  ആത്മാർത്ഥമാവാം. അതു നിങ്ങളുടെ വീടുകളിൽ ഉള്ള സ്ത്രീകളിൽ  നിന്നു നിങ്ങൾ ഒന്നും കേൾക്കുന്നില്ല എന്നതുകൊണ്ടോ, ഈ വക   വൃത്തികേടുകളെക്കുറിച്ചു കേൾക്കുമ്പോൾ പറയുമ്പോൾ നിങ്ങളുടെ ഉള്ളിൽ അയല്പക്കത്തെയോ ജോലിസ്ഥലത്തെയോ പെൺകുട്ടികളുടേയോ സ്ത്രീകളുടേയോ മാത്രം മുഖങ്ങൾ വരുന്നതു  കൊണ്ടോ, അതല്ലെങ്കിൽ സത്യസന്ധമായി നിങ്ങൾ ഒരുകാലത്തും   ഇത്തരം വൃത്തികേടുകൾ കാണുകയോ പ്രവൃത്തിക്കുകയോ  ചെയ്യാത്തവരായതുകൊണ്ടോ ആവും. നിങ്ങൾ നിങ്ങളുടെ  വീടുകളിലെ സ്ത്രീജനങ്ങളോടു ചോദിക്കണം. അവർക്കു തുറന്നു  പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും നൽകിയിട്ടുണ്ടെങ്കിൽ അവർ  പറയും അനുഭവങ്ങൾ. അതല്ലെങ്കിൽ അവർ അവരുടെ കൂട്ടുകാരുടെ,  പരിചയക്കാരുടെ അനുഭവങ്ങൾ പറയും. അപ്പോൾ  അനുമാനിച്ചുകൊള്ളുക. എന്താണു സ്ഥിതിയെന്ന്. പേടിച്ച്  സ്ത്രീകളെ പുറത്തിറക്കാതെ വയ്ക്കാനല്ല, മറിച്ച് അവരെ കരുതൽ പഠിപ്പിക്കുക. പേപ്പട്ടികൾ കടിക്കുമെന്നു കരുതി നമ്മൾ നമ്മുടെ  സ്ത്രീകളെ എത്രകാലം കെട്ടിയിടും?     

സ്ത്രീയുടെ വസ്ത്രം ശരിയാവണം, അവളുടെ നോട്ടം ശരിയാവണം, അവളുടെ സഞ്ചാരസമയം ശരിയാവണം എന്നെല്ലാം പറയുമ്പോൾ അതാണു സംഭവിക്കുന്നത്. ഇല്ലെങ്കിൽ പട്ടി കടിക്കും.  പേയിളകിയ പട്ടികളെ ചികിത്സിക്കുകയോ, കെട്ടിയിടുകയോ തല്ലിക്കൊല്ലുകയോ ചെയ്യണം എന്ന കാര്യമല്ല, മറിച്ച് സ്ത്രീകളെ കെട്ടിയിടുന്നതിനെക്കുറിച്ചു നമ്മൾ ചിന്തിക്കുന്നു.   

പരിഹാസത്തോടെ കാണരുത് ഇതിൽ പറയുന്ന കാര്യങ്ങളെ. എന്റെയും നിങ്ങളുടേയും കുടുംബങ്ങളിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ, അവളെ സഹായിക്കാൻ അതുമാത്രമാണ് ഫയർഫ്ലൈയുടെ ലേഖനങ്ങളുടെ  ഉദ്ദേശം എന്നു  നമ്മൾ മനസ്സിലാക്കണം. അല്ലാതെ പുരുഷവർഗ്ഗത്തിന്റെ  മുഖത്തു മുഴുവൻ കുരുമുളകു സ്പ്രേ അടിക്കാനും ആൾക്കാരെ  ഇടിക്കാനും അല്ല പറയുന്നത് എന്നു മനസ്സിലാക്കണം. ആർക്കെങ്കിലും  സൌമ്യ സംഭവം പോലെയുള്ള അവസ്ഥകളിൽ പെട്ടാൽ (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ) രക്ഷപ്പെടാൻ ഉപകരിക്കുമെങ്കിൽ ഉപകരിക്കട്ടെ. കഴിയാവുന്ന സ്ത്രീകളെ, പെൺകുട്ടികളെക്കൊണ്ടു വായിപ്പിക്കുക. പറഞ്ഞുകൊടുക്കുക. അവരും ആദ്യം ചിരിക്കുമായിരിക്കും.  ജീവിതത്തിൽ എല്ലാം ഭംഗിയായി നടന്നു പോകുന്നതു വരെ  നമ്മളെല്ലാവരും അങ്ങനെയാണ്. ചിരിക്കും.  പക്ഷേ ഏതെങ്കിലും ഒരു പോയിന്റ് ജീവിതത്തിൽ സ്വയരക്ഷയ്ക്ക് അവർക്ക് എന്നെങ്കിലും ഉപകരിച്ചുകൂടെന്നില്ല.    എന്തെങ്കിലും കഠിന സാഹചര്യമുണ്ടാവുമ്പോൾ തളർന്നു ബോധം കെട്ടു വീഴാതെ, പ്രതിരോധിക്കണം എന്നൊരോർമ്മപ്പെടുത്തൽ, കുറഞ്ഞത് ഓടി രക്ഷപ്പെടാനുള്ള ഒരു ത്വര ഇത്രയെങ്കിലും അവരുടെ മനസ്സിൽ കിടക്കണം. പട്ടിണി കിടന്നു സ്ലിം ബ്യൂട്ടികളാവേണ്ട കാലമല്ലിത്, ശരിയായി ഭക്ഷണം കഴിച്ച് വ്യായാമം ചെയ്തു ഉറപ്പുള്ള ശരീരവും മനസ്സും ഉണ്ടാക്കേണ്ട കാലമാണിത് എന്നവരെ ഓർമ്മപ്പെടുത്തണം.
അതുകൊണ്ടു നമുക്കീ ലേഖനങ്ങളെ പോസിറ്റീവ് ആയി വായിക്കാം.

ഫയർഫ്ലൈയുടെ ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ.