നയങ്ങള്‍

അടിസ്ഥാനപരമായി മനുഷ്യര്‍  എല്ലാം നല്ലവരാണ്.  അവരുടെ കുടുംബം, വളര്‍ന്നു വരുന്ന സഹചര്യങ്ങള്‍, അടിച്ചേല്‍പ്പിക്കപ്പെടുന്ന ചരിത്ര സമൂഹ്യ കാഴ്ച്ചപ്പാടുകള്‍, സമുഹത്തിന്റെ നന്മ തിന്മകള്‍, ചെയ്യുന്ന തൊഴില്, ജോലിയുടെ ചുറ്റുപാടുകള്‍ ഇവയൊക്കെയാണ്  അവരെ വളര്‍ന്നു വരുമ്പോള്‍ നല്ലതും ചീത്തയുമാക്കി മാറ്റുന്നത്.

എന്നു പറഞ്ഞാല്‍ ഒരോസമൂഹവും എങ്ങനെയായിത്തീരണം എന്നുള്ളതു നേരത്തേ തീരുമാനിക്കാന്‍ കഴിയും എന്നു ചുരുക്കം. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്നും സ്വാതന്ത്യമര്‍ഹിക്കുന്നില്ല എന്നും ഒരിക്കല്‍ പറഞ്ഞുണ്ടാക്കിയതിനു പിന്നില്‍ ഇതുപോലെയുള്ള സാമൂഹ്യസൃഷ്ടിയുടെ രഹസോദ്യേശമുണ്ടായിരുന്നു. ഇതേ ഉദ്ദേശം തന്നെയാണ് സമൂഹ ഉച്ചനീചത്വം നിലവില്‍ വരുത്തിയതിന്റെയും പിന്നില്‍.

ഇങ്ങനെയുള്ള കുടില ഉദ്ദേശങ്ങള്‍ പലേ സമൂഹങ്ങളിലും പണ്ടു നിലനിന്നിരുന്നു. എന്നാല്‍ കാലക്രമേണ മനുഷ്യന്‍ അവകള്‍ക്കു പരിഹാരമായി അഥവാ അവയെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായി പുരോഗമന മാനവിക ആശയങ്ങളെ ഉള്‍ക്കൊള്ളൂവാന്‍ തീരുമാനിക്കുകയും അതു നടപ്പിലാക്കുന്നതിനു  തയ്യാറാകുകയും ചെയ്തിട്ടുണ്ട്.  അത്തരം പുരോഗമന സമൂഹങ്ങളുടെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ട ഒന്നാണ്, മുകളില്‍ പറഞ്ഞ രഹസ്യ ഉദ്ദേശങ്ങളെയും ഉച്ചനീചത്വത്തെയും നിര്‍മാര്‍ജ്ജനം ചെയ്യുന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കുക. ഒരോ രാജ്യത്തിന്റെയും വിദ്യാഭ്യാസരീതികള്‍ ഇത്തരം ഉദ്ദേശങ്ങളെയും സിദ്ധാന്തങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.  എന്റെ സ്വന്തം അനുഭവത്തില്‍ സൌത്താഫ്രിക്കന്‍ വിദ്യാഭ്യാസരീതി ഇതു പോലെ രൂപപ്പെട്ട ഒന്നാണ്. എന്നാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസരീതിയുടെ മനശാസ്ത്രവും ഫിലോസഫിയും ഇതു വരെ ഇങ്ങനെയുള്ള ചരിത്ര സമൂഹ്യ ഉച്ചനീചത്വങ്ങളെയും അനീതികളെയും പ്രായോഗികമായി അഭിസംബോധന ചെയ്യുന്നതായി എനിക്കറിയില്ല.  അതിനാല്‍ വിദ്യാഭ്യാസത്തിലൂടെ സമൂഹ്യ നിര്‍മ്മിതിയും സാമൂഹ്യ പുരോഗതിയും ഇന്ത്യന്‍ വിദ്യാഭ്യാസം എങ്ങനെ ലക്ഷ്യം വക്കുന്നു എന്നുള്ളതൊരു വലിയ ചോദ്യമാണ്.

അതു തന്നെയാണ് ഇന്ത്യ ഇന്നനുഭവിക്കുന്ന ധാര്‍മ്മിക അധ:പ്പതനത്തിനു  പ്രധാനകാരണവും എന്നു ആരെങ്കിലും ചിന്തിച്ചാല്‍ അതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

ഈ ബ്ലോഗിന്റെ അവതരണത്തില്‍  എഴുതിയിരുന്നു.

‘നമ്മള്‍ തെറ്റായി പഠിച്ചതു പലതും തെറ്റാണെന്നു മനസിലാക്കി, അതിനു പകരം ശരി പഠിക്കേണ്ടിയിരിക്കുന്നു. മനസിനെയും ചിന്തകളെയും പുതിയ വഴികളിലൂടെ നടത്തേണ്ടിയിരിക്കുന്നു‘.

മുകളില്‍ പറഞ്ഞ പോലെ ഇന്ത്യന്‍ വിദ്യാഭ്യാസ രീതികളോ മത-രാഷ്ട്ര്രിയ വ്യവസ്ഥകളോ,  ഇന്നു വരെ അറിവില്‍ മനസു വച്ചിട്ടില്ലാത്ത ഒരു പുതിയ വഴിയാണിത്.

ഈ വഴി വെട്ടുന്നതിലേക്കുള്ള ഞങ്ങളുടെ ശ്രമം, കുരുവികള്‍ കാട്ടുതീ കെടുത്താന്‍ ചുണ്ടില്‍ തുള്ളികളായി വെള്ളം ശേഖരിച്ചു വന്ന കഥ പോലെയാണ്. ആ ശ്രമം ഇന്ന് കേവലം ഒരാശയം മാത്രമാണ്.  ആശയങ്ങളെ -നിങ്ങളുടേതും ഞങ്ങളുടേതും- കോര്‍ത്തുവച്ച്  ഒരു വലിയ ആ‍ശയമാക്കി ഒരു പ്രവര്‍ത്തന പദ്ധതിയായി രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ പ്രത്യാശ. ഈ ബ്ലോഗിലെ ആശയങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഒരു വ്യക്തിക്കു പ്രയോജനപ്പെടണമെങ്കില്‍ അവ ഒരോരുത്തരുടെയും ജീവിതത്തിന്റെ പുതിയ നിഷ്ടകളും ചിന്താരീതികളും ആകേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ താഴെപ്പറയുന്ന പ്രവര്‍ത്തന നയങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. 
.
1. ഈ ബ്ലോഗില്‍ പോസ്റ്റിടുന്നവരും കമന്റെഴുതുന്നവരും പരസ്പര തുല്യത, സഹോദര്യം, പ്രതിപക്ഷ ബഹുമാനം ഇവ പാലിക്കേണ്ടതാണ്.  വാക്കിന് മനുഷ്യനെ വളര്‍ത്താനും തളര്‍ത്താനും കഴിയും.
2.  ആകര്‍ഷണീയമായ ആശയങ്ങളിലൂടെയാണ് ഒരു വ്യക്തിയെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കപ്പെടേണ്ടത്, അല്ലാതെ എനിക്കെല്ലാം അറിയാം അതു കൊണ്ട് ഞാന്‍ പറയുന്നതൊക്കെ നീ കേള്‍ക്കണം എന്ന ശാഠ്യത്തിലൂടെയല്ല. 
3. ആശയങ്ങളെയാണ് ആളുകളെയല്ല നമ്മള്‍ നേരിടുന്നത്.
4.നമ്മുടെയിടയില്‍ വിദ്യാഭ്യാസം, പണം ജാതി ഇവകളൊക്കെ വ്യക്തികള്‍ തമ്മിലുള്ള അതുല്യത അല്ലെങ്കില്‍ അസമാനത അളക്കാന്‍ ഉപയോഗപ്പെടുത്തുന്ന രീതി ഇന്നും നല്ല അളവിയില്‍ നിലനില്‍ക്കുന്നുണ്ട്.  ഇതിനാല്‍ ജന്മനാ തന്നെ ചിലര്‍ അധമരാകുന്ന അവസ്ഥയാണ് ഉള്ളത്. ഉദ്. ജനിക്കുമ്പോള്‍ തന്നെ സ്ത്രീ പുരുഷന്റെ, സമൂഹത്തിന്റെ അടിമയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഈ ബ്ലോഗിന്റെ നയമാണ് ഇങ്ങനെയുള്ള വ്യത്യാസങ്ങളെ നിരസിക്കുക..

5 സ്ത്രീയും പുരുഷനും പരസ്പരം മത്സരിച്ച് ഊര്‍ജം ദുര്‍വ്യയം ചെയ്യേണ്ടവരല്ല, ഒരുമിച്ചു നിന്ന് ആ ഉര്‍ജത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടവരാണ് . അതിലേക്കുള്ള ബോധവല്‍ക്കരണവും ഈ ബ്ലോഗിന്റെ നയത്തില്‍ ഉദ്ദേശിക്കുന്നു.

6. സ്ത്രീധനം, പെണ്‍ഭ്രൂണഹത്യ തുടങ്ങിയവയ്ക്കെതിരായി ബോധവല്‍ക്കരണം നടത്തുക ഈ ബ്ലോഗിന്റെ നയമാണ്.
7. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ്. പണവും സുഖ സൌകര്യങ്ങളും മാത്രമല്ല രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്കു കൊടുക്കേണ്ടത്, സ്നേഹം കൂടിയാണ്. അതു പോലെ മൂല്യാധിഷ്ഠിധമായ ഒരു ജീവിതം സ്വയം ജീവിച്ച് കുട്ടികള്‍ക്ക് മാത്രുകയാകേണ്ടതും അവരുടെ ചുമതലയാണ്.  മൂല്യമില്ലാത്ത സമൂഹത്തില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുകയും സമൂഹത്തിന്റെ ധാര്‍മ്മിക ബോധം അവരില്‍ മാത്രം കെട്ടി വക്കാന്‍ ശ്രമിക്കുന്നതും ഇന്നു നമ്മള്‍ കാണുന്നു. ഈ ബ്ലോഗ് അത്തരം ഹീനതയെ അപലപിക്കുന്നു.
8 സമൂഹ്യ നന്മക്കു വേണ്ടി കുടുംബ കൂട്ടായ്മകള്‍ ഒരുപാധിയാണ്. കുട്ടികളുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിക്കാന്‍ കഴിയുന്ന ഒരു അയല്വക്ക കുട്ടായ്മയാണ്, അല്ലാതെ മോറല്‍ പോലീസിങ് അല്ല ഉദ്ദേശിക്കുന്നത്.
9. ഈ ബ്ലോഗിന് മതമോ രാഷ്ട്രീയമോ ഇല്ല. വ്യക്തി സ്വാതന്ത്ര്യം, കാല-ചരിത്ര ബോധം, മാനവികത, ഗ്ലോബലിസം, തുടങ്ങിയവയാണ് ഇതിനെ നയിക്കുന്നത്.
10. ഒരു പ്രത്യേക ദേശത്തിന്റെയോ, രാഷ്ട്രത്തിന്റെയോ ഭൂപരിധിക്കുള്ളില്‍ പരിമിതപ്പെട്ടു കിടക്കുന്നതല്ല ഈ ബ്ലോഗിന്റെ ആശയങ്ങളൊ അഭിപ്രായങ്ങളോ.

11. അതുപോലെ ഇന്ത്യ അതിപുരാതനമായ ഒരു സംസ്കാരമാണെന്നും ആ സമ്പത്ത് പൂര്‍ണമായി നമുക്കിന്ന് ഉള്‍ക്കൊള്ളാനും മനസിലാക്കാനും കഴിയാത്ത വിധത്തില്‍ അന്യാധീനപ്പെട്ടിരിക്കുന്നു എന്നും ഇതിനൊരു മാറ്റം വരുത്തുക ഇന്നിന്റെയും നാളെയുടെയും ആവശ്യമാണ് എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.


12. ഈ വെര്‍ച്വല്‍ ലോകത്തിന്റെ പരിമിതികളെക്കുറിച്ച് ഞങ്ങള്‍ക്കു ബോധമുണ്ട്. അതിനാല്‍ ഇത് ഭൂലോകത്തേക്കു വ്യാപിപ്പിക്കുന്നതിലാണ് ഇതിന്റെ പ്രവര്‍ത്തനശേഷി ഉള്‍ക്കൊള്ളുന്നത്.
അതിനു വേണ്ടി എന്തു ചെയ്യുന്നു എന്നു ചോദിച്ചാല്‍ ഇപ്പോള്‍ ഉത്തരമില്ല. അതാതു സമയത്ത് നമ്മളൊക്കെ ഒരുമിച്ചു നിന്ന് എന്തു ചെയ്യണമെന്ന് തീരുമാനിച്ച് ഒത്തു ചെര്‍ന്നു നിന്നു പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷയാണ് ഉള്ളത്.
13. ഈ ബ്ലോഗിന്റെ നയങ്ങളോടനുബന്ധിച്ചുള്ള ബോധവല്‍ക്കരണത്തിനുവേണ്ടി ബന്ധപ്പെട്ട വിഷയത്തില്‍ ആധികാരികമായ ലേഖനങ്ങള്‍ എഴുതാന്‍ കഴിവുള്ള് പലരും ബ്ലൊഗ്ഗിലുണ്ട്. അതുപോലെ പ്രയോഗികമായി ഉപദേശങ്ങളും പ്രവര്‍ത്തനരീതികളും പറഞ്ഞുതരാന്‍ കഴിവുള്ളവരും.അങ്ങനെയുള്ളവര്‍ മുന്നോട്ടു വരുക. ഈ ഉദ്യമത്തെ വിജയിപ്പിക്കുക.
14. ഈ ആശയങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കും എന്നുള്ളതും നമ്മുടെ ചുമതലയാണ്. ഏറ്റവും പ്രധാനമായ പ്രചരണ മാര്‍ഗം വാക്കോടു വാക്കു തന്നെയാണ്. ഈ ബ്ലോഗിനെക്കുറിച്ചും ഇതിന്റെ ഉദ്ദേശത്തെക്കുറിച്ചും ഇതില്‍ വരുന്ന ആശയങ്ങളേക്കുറിച്ചും നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കും സുഹ്രൂത്തുക്കള്‍ക്കും കൈമാറുക. ബ്ലോഗ് ഒരു സാധാരണക്കാരന്റെ സമഗ്രിയാകാന്‍ ഇനിയും അനേകം നാളുകളെടുക്കുമല്ലോ?
15. ഭാഷാ നയങ്ങള്‍

ഇപ്പോള്‍ മലയാളത്തില്‍ മാത്രമാണെങ്കിലും ഇംഗ്ലീഷ ഭാഷയോടെ ഈ ബ്ലോഗു കൂട്ടായ്മക്കു ബഹുമാനക്കുറവൊന്നുമില്ല. അതിനാല്‍ ഇംഗ്ലീഷില്‍ ഈ ബ്ലോഗിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും ഇതിന്റെ നയമാണ്. മലയാളം വശമില്ലാത്ത മലയാളിളേയും വിദേശമലയാളികളെയും ഈ കൂട്ടായ്മ ലക്ഷ്യം വക്കുന്നുണ്ട്.