Saturday, September 17, 2011

രജോദര്‍ശന പാപം.

ബി.സി. കാക്കത്തൊള്ളായിരത്തിനാനൂറ് (സെര്‍ക). നൂറ്റിപതിനേഴാം ദേവാസുര യുദ്ധം നടക്കുന്ന സമയം. എന്തോ സൗന്ദര്യപിണക്കത്തിന്റെ പേരില്‍ ദേവഗുരുവായ ബൃഹസ്പതി യുദ്ധത്തോട് സഹകരിക്കാതെ പിന്തിരിഞ്ഞു നില്ക്കുകയാണ്. ദേവന്മാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. വിവരമുള്ള ഒരുത്തന്‍ പോലും കൂടെയില്ലാത്തതാണു പ്രശ്നം എന്നു മനസ്സിലാക്കിയ ഇന്ദ്രന്‍, വിശ്വരൂപന്‍ എന്നൊരു ചങ്ങാതിയെ ദേവഗുരുവായി നിയമിച്ചു. പറഞ്ഞുവരുമ്പോള്‍ ഇദ്ദേഹത്തിന്റെ വലിയ കാരണവന്മാര്‍ അസുരന്മാരാണ്. പക്ഷെ വിശ്വരൂപന്‍ തികഞ്ഞ ദേവപക്ഷക്കാരനാണ്. അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യത്തില്‍ ദേവന്മാര്‍ ജയിച്ചു കയറി. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഇന്ദ്രനൊരു സംശയം, ഈ കക്ഷി പിന്നീട് കാലു വാരുമോ എന്ന്. രണ്ടാമതൊന്നാലോചിച്ചില്ല, വജ്രായുധമെടുത്ത് ഒരു പ്രയോഗം. വിശ്വരൂപന്‍ താഴെ. ദേവരാജാവാണെന്നു പറഞ്ഞിട്ട് കാര്യമില്ല, നിയമം നിയമം തന്നെ, ഒരു നിരപരാധിയെ വധിച്ചതിനു ശിക്ഷയായി കൊടിയ പാപം ഏല്‍ക്കേണ്ടി വന്നു ഇന്ദ്രന്. ഇന്ദ്രന്‍ പക്ഷെ പ്രജാവത്സലനും തികഞ്ഞ സോഷ്യലിസ്റ്റുമായിരുന്നു. അദ്ദേഹം തനിക്ക് കിട്ടിയത് നാലായി പകുത്ത് ഭൂമിക്കും, ജലത്തിനും, വൃക്ഷത്തിനും സ്ത്രീക്കുമായി നല്കി. അങ്ങിനെ ഭൂമിയുടെ കുറച്ചു ഭാഗം മരുഭൂമിയായി മാറി, ജലത്തില്‍ ഒരു ഗുണവുമില്ലാത്ത നുരയും പതയും ഉണ്ടായി, വൃക്ഷങ്ങള്‍ക്ക് പാനയോഗ്യമല്ലാത്ത കറയുണ്ടായി, സ്ത്രീകള്‍ക്ക് രജോദര്‍ശനവും (ആര്‍ത്തവം) ഉണ്ടായി!

 ഇങ്ങനെ ഒരു പാപഫലത്താല്‍ ഉണ്ടായതിനാലാവാം ഹിന്ദുക്കള്‍ ആര്‍ത്തവത്തെ മ്ലേശ്ചമായി കാണുന്നത്. രജസ്വലയായ സ്ത്രീ തൊട്ടുകൂടാത്തവളാണ്. അവള്‍ ഗൃഹത്തിലുള്ള ഒന്നിലും സ്പര്‍ശിച്ചുകൂടാ, വീടിനു പുറത്ത് കഴിയണം അങ്ങിനെ അങ്ങിനെ. (ആര്‍ത്തവകാലത്ത് സ്ത്രീക്ക് വിശ്രമം ആവശ്യമാണെന്നും അതിനൊരു മാര്‍ഗ്ഗമായാണ് ഈ നിബന്ധനകളെന്നും എന്റെ സുഹൃത്തായ ഒരു ആയുര്‍വേദ ഡോക്ടര്‍ പറയുന്നു. പക്ഷെ അതോടൊപ്പം തന്നെ അദ്ദേഹം ആര്‍ത്തവാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് നശീകരണ ശക്തിയുമുണ്ട് എന്നും അതുകൊണ്ടു തന്നെ അവര്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്നും വിശ്വസിക്കുന്നു.) ഹിന്ദു മതത്തില്‍ മാത്രമല്ല, ഒട്ടുമിക്ക പ്രാചീന മതങ്ങളിലും ആര്‍ത്തവത്തോടും സ്ത്രീകളോടുമുള്ള സമീപനം വ്യത്യസ്തമല്ല. പല ക്രിസ്ത്യന്‍ വിഭാഗങ്ങളിലും സ്ത്രീകളെ ആര്‍ത്തവകാലത്ത് ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കാറില്ല. ഇസ്ലാമില്‍ ആ സമയത്ത് സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് പോലും അനുവാദമില്ല.

 ആര്‍ത്തവം പോലെ സ്വാഭാവികവും സാമാന്യവുമായ ഒരു പ്രതിഭാസത്തിനോട് എന്തുകൊണ്ടാവും ഇത്ര പ്രതിലോമകരമായ ഒരു പ്രതികരണം ഉണ്ടാവുന്നത്? രക്തം കാണുന്നതും ചൊരിയുന്നതും പുരുഷനെ സംബന്ധിച്ച് വീരോചിതമായി പരിഗണിക്കപ്പെടുമ്പോള്‍ തന്നെ സ്ത്രീയുടെ കാര്യത്തില്‍ അത് മ്ലേശ്ചവും അധമവും ആകുന്നു. സ്ത്രീ ജനനേന്ദ്രിയത്തെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതകള്‍ പുരുഷ ധൈഷണികതയ്ക്ക് വെല്ലുവിളിയാവുന്നത് അവനെ ശത്രുപക്ഷത്താക്കിയിരിക്കാം. ഒരു തരം അസൂയ. വേറൊരു സാദ്ധ്യത, പല സ്ത്രീകളിലും കാണപ്പെടുന്ന ചാക്രിക അസ്വസ്ഥതകള്‍ ആര്‍ത്തവത്തോടെ മാറുന്നു എന്ന നിരീക്ഷണമാവാം. ശരീരത്തില്‍ ഉണ്ടാകുന്ന വിഷവസ്തുക്കള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ആര്‍ത്തവത്തിലൂടെ ഈ ദൂഷ്യങ്ങള്‍ പുറം തള്ളുകയും ചെയ്യുന്നു എന്നു വിശ്വസിക്കുമ്പോള്‍ സ്വാഭാവികമായും സ്ത്രീയ്ക്കും മാസമുറയ്ക്കും ഒരു 'ദുഷ്ട്' പദവി ലഭിക്കുന്നു.

 ഈ നിഗമനം ശാസ്ത്രലോകത്തെപ്പോലും പതിറ്റാണ്ടുകളോളം വഴി തെറ്റിച്ചു. വൈദ്യശാസ്ത്രത്തില്‍ ഇത്തരമൊരു ചിന്താഗതിക്ക് വഴിമരുന്നിട്ടത് 1920 ല്‍ വിയന്നയിലെ പ്രസിദ്ധനായ ഒരു ഭിഷഗ്വരനായിരുന്ന ഡോ: ബേലാ ഷിക്കിന്റെ ഒരു പ്രബന്ധത്തോടെയായിരുന്നു. ഡോ: ഷിക്കിനുണ്ടായ ഒരു അനുഭവമായിരുന്നു അദ്ദേഹത്തെ ആ വഴിക്ക് തിരിച്ചു വിട്ടത്. ഒരു ദിവസം അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ ഏതോ രോഗി നന്ദിപൂര്‍വ്വം കൊടുത്തയച്ച കുറച്ച് പൂക്കളെത്തി. ഷിക്ക് അദ്ദേഹത്തിന്റെ നഴ്സിനോട് ആ പൂക്കള്‍ ഒരു പൂപ്പാത്രത്തിലേക്ക് മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ സിസ്റ്റര്‍ വിസമ്മതിച്ചു. കാരണം അന്വേഷിച്ചപ്പോള്‍ താന്‍ ഇപ്പോള്‍ ആര്‍ത്തവത്തില്‍ ആണെന്നും ഇങ്ങനെയിരിക്കെ പൂക്കളില്‍ സ്പര്‍ശിച്ചാല്‍ അവ വാടിപ്പോകുമെന്നും അവര്‍ പറഞ്ഞു. അവര്‍ക്ക് അത്തരത്തില്‍ മുന്‍ അനുഭവം ഉണ്ടത്രെ. ഡോക്ടറിലെ ശാസ്ത്രന്വേഷി ഉണര്‍ന്നു. അദ്ദേഹം അതില്‍ പകുതി പൂവുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഒരു പൂപ്പാത്രത്തില്‍ വെച്ചു, ബാക്കി പകുതി ആ നഴ്സിനെക്കൊണ്ട് നന്നായി 'കൈകാര്യം ചെയ്യിപ്പിച്ച്' വേറൊരു പാത്രത്തില്‍ വെയ്പ്പിച്ചു. അത്ഭുതകരമെന്നു പറയട്ടെ, നഴ്സ് വെച്ച പൂക്കള്‍ അധികം വൈകാതെ വാടിപ്പോയി, മറ്റേ പാത്രത്തിലെ പൂക്കള്‍ കൂടുതല്‍ സമയം വാടാതിരുന്നു. ഡോ: ഷിക്ക് ഈ പരീക്ഷണം പ്രസിദ്ധീകരിച്ചു.

ഇത് വൈദ്യശാസ്ത്രലോകത്ത് വന്‍ ചലനമുണ്ടാക്കി. തുടര്‍ന്ന് പലരും ഇത്തരം പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചു. ചിലര്‍ പരീക്ഷണമൃഗങ്ങളില്‍ ആര്‍ത്തവരക്തം കുത്തിവെച്ചു, അവ ചത്തുപോയി. റൊട്ടി ഫാക്ടറികളില്‍ ആര്‍ത്തവത്തില്‍ ഉണ്ടായിരുന്ന സ്തീകള്‍ കൈകാര്യം ചെയ്തിരുന്ന മാവ് ചീത്തയായിപ്പോയി, വീഞ്ഞു പുളിച്ചു പോയി അങ്ങിനെ വാര്‍ത്തകള്‍ പടര്‍ന്നു. ആര്‍ത്തവരക്തത്തില്‍ ഏതോ വിഷവസ്തു ഉണ്ട് എന്ന ധാരണ പ്രബലമായി. ഈ ആര്‍ത്തവ വിഷത്തെ (Menotoxin) കണ്ടെത്താനുള്ള ശ്രമമായി പിന്നെ. ഈ വിഷം രക്തത്തില്‍ മാത്രമല്ല സ്ത്രീകളുടെ എല്ലാ ശ്രവങ്ങളിലുമുണ്ട് എന്നായി വേറൊരു പക്ഷം. 1936 ല്‍ പേള്‍സ്റ്റീന്‍ മാത്യുസണ്‍ എന്നീ ഗവേഷകര്‍ ആര്‍ത്തവത്തില്‍ ഉള്ള അമ്മമാര്‍ പാലൂട്ടുന്നതിനാലാണ് കുഞ്ഞുങ്ങള്‍ക്ക് ആസ്തുമയും വയറു വേദനയും ഉണ്ടാകുന്നത് എന്ന് അവകാശപ്പെട്ടു. (സത്യത്തില്‍ ഈ വാദത്തില്‍ പുതുമ ഒന്നും ഉണ്ടായിരുന്നില്ല. കാരണം 13ആം നൂറ്റാണ്ടിലെ 'സ്ത്രീ രഹസ്യങ്ങള്‍' (De Secretin Mulierum) എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ ഇക്കാരണം കൊണ്ടാണ് കുട്ടികള്‍ക്ക് ചുഴലിയും കുഷ്ഠവും വരുന്നത് എന്ന് പറഞ്ഞിരുന്നു.)

 പ്രശസ്ത വൈദ്യശാസ്ത്രസ്ഥാപനമായ ജോണ്‍ ഹോപ്കിന്‍സിലെ അദ്ധ്യാപകനും ഗവേഷകനുമായിരുന്ന ഡേവിഡ് മാക് (David Israel Macht, 1882 - 1961) ആണ് മെനോടോക്സിന്‍ ഗവേഷണങ്ങളെ വളരെ മുന്നോട്ട് കൊണ്ടുപോയ ഒരു വ്യക്തി. വിഷവസ്തുക്കളുടെ വീര്യം നിര്‍ണ്ണയിക്കാന്‍ അദ്ദേഹം സസ്യങ്ങളില്‍ അവ ഉപയോഗിച്ച് പഠനം നടത്തി. അങ്ങിനെ ഫൈറ്റോഫാര്‍മക്കോളജി എന്നൊരു പുതിയ സന്കേതം ഉടലെടുത്തു. പാമ്പു വിഷത്തിന്റേയും ആര്‍ത്തവവിഷത്തിന്റേയും (സാമ്യപ്പെടുത്തല്‍ ശ്രദ്ധിക്കുക!) വീര്യനിര്‍ണ്ണയം ഇപ്രകാരം സാധിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ഡേവിഡ് മാക്കിന്റേയും മറ്റുള്ളവരുടേയും പരീക്ഷണസന്കേതങ്ങള്‍ കുറ്റമറ്റതായിരുന്നില്ല. നിരീക്ഷണ മുന്‍വിധികള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും അവര്‍ സ്വീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ പിന്നീട് വന്ന വസ്തുനിഷ്ടമായ പഠനങ്ങള്‍ക്കൊന്നും മെനൊടോക്സിനെ സ്ഥിരീകരിക്കുവാന്‍ സാധിച്ചില്ല. അങ്ങിനെ ആറു പതിറ്റാണ്ടോളം നീണ്ടു നിന്ന മെനോടോക്സിന്‍ ഉന്മാദത്തില്‍ നിന്നും ശാസ്ത്രലോകം മുക്തി പ്രാപിച്ചു.

 തുടർന്ന് വായിക്കുക.

18 comments:

 1. Naalathe keralam, vishayathil ninnum vethichalikunnuvo..., ennoru samsayam

  ReplyDelete
 2. പ്രിയ ഓർമ്മകൾ,
  സ്ത്രീ ശാക്തീകരണം ഒരു വിഷയം ആണെന്നാണ് ഞാൻ അറിഞ്ഞിരുന്നത്. സ്ത്രീകളുടെ ആരോഗ്യവിഷയമാണ് എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നത്. ഈ പോസ്റ്റ് വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നു എന്നു പൊതുവായി അഭിപ്രായം ഉണ്ടെങ്കിൽ ഞാൻ ഡിലീറ്റ് ചെയ്യാം.

  ReplyDelete
 3. പ്രിയ ഓർമകൾ,
  ഡോക്ടർ പറഞ്ഞത് ശരിയാണ്. സ്ത്രീകളുടെ ആരോഗ്യവിഷയത്തെക്കുറിച്ചാണ് ഡോക്ടർ എഴുതുന്നത്. അതു നാളത്തെ കേരളത്തിന്റെ വിഷയത്തിൽ നിന്നു വഴിതെറ്റുന്നില്ല. സ്ത്രീയുടെയും പുരുഷന്റെയും വെൽഫയറിലൂടെ ഒരു പുതിയ സമൂഹബോധം ഉരുത്തിരിച്ചെടുക്കുകയാൺ നാളത്തെ കേരളത്തിന്റെ ഉദ്ദേശം.അതിലേക്കത്യാവശ്യമാണ് ഇത്തരം പോസ്റ്റുകളും അതിലൂടെ വരുന്ന അറിവുകളൂം.

  സ്ത്രീക്കു നേരെ നീ‍ണ്ടു വരുന്ന വിലക്കുകളും തെരിദ്ധാരണകളും അവരെ സമൂഹത്തിൽ ഒരു രണ്ടാം കിടജനതയായി കണാൻ/ കാണിക്കാൻ ഇടയാക്കുന്നുണ്ട്.

  മിത്തും പകുതീ ശാസ്ത്രങ്ങളും അത്തരം ധാരണകൾക്കു ചൂട്ടുപിടിക്കുന്നുണ്ട്. അത്തരമൊരു ചിന്താസങ്കേതത്തെയാൺ ഡോക്റ്റർ ബാബു രാജ് അതി സമർദ്ധമായി അഭിസംബോധന ചെയ്യുന്നത്. അതിന്റെ സത്യത്തെയാണ് ശാസ്ത്രീയമായ അറിവു പകർന്ന് നമ്മെ മനസിലാക്കിക്കുന്നത്.

  ഒർമ്മകൾ ഈ പോസ്റ്റു മുഴുവനും അതിന്റെ തുടർച്ചയും ഒരു പക്ഷെ വായിച്ചു കാണില്ലായിരിക്കാം കമന്റെഴുതുമ്പോൾ.:)

  ഡോക്റ്റർ ബാബു രാജ് താങ്കളുടെ വിഷയം നാളത്തെ കേരളത്തിന്റെ അജൻഡയിൽ നിന്നു മാറുന്നതല്ല. അതുകൊണ്ട് ഒരു കാരണത്താലും ആ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ല.:)

  ReplyDelete
 4. Thudarnnu vayikkuka enna link njan sradhichilla....,
  Sorry 4 every thing......

  ReplyDelete
 5. എല്ലാം തുടരെയുള്ള വിഷയവുമായി ബന്ധപ്പെട്ട ശാസ്ത്രീയാപഗ്രഥനമാണ് ഡോക്ടർ ബാബുരാജ് തെളിയിപ്പിച്ചുവരുന്നത്. നല്ല അറിവുപകരുന്ന വിശകലനം. ‘....നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും....’ എന്ന്, വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനാൽ കർത്താവായ ദൈവം ‘ഹവ്വാ’യെ ശപിച്ചു. മറ്റൊന്ന് > ‘.....അനന്തരം, ഇന്ദ്രനെതിരായി ച്യവനമഹർഷി നടത്തിയ ഹോമകുണ്ഡത്തിൽനിന്നും ‘മദൻ’ എന്നൊരു രാക്ഷസനുയർന്നു. ഭയവിഹ്വലനായ ഇന്ദ്രൻ മഹർഷിയുടെ കാൽക്കൽ ശരണം പ്രാപിച്ചു. മഹർഷി, മദനെ നാലായി വിഭജിച്ച്, ഓരോ ഭാഗം ചൂതിലും നായാട്ടിലും മദ്യത്തിലും സ്ത്രീയിലും നിക്ഷേപിച്ചു. അതിനാൽ ഈ നാലും രജോവകപീഡിതമായും മാദകമായും മാറി....’ എന്ന് പുരാണത്തിലും പറഞ്ഞിരിക്കുന്നു.

  ReplyDelete
 6. ‘....നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും....’ എന്ന് കർത്താവായ ദൈവം ശപിച്ചശേഷം ആ വേദന സ്ത്രീ അറിഞ്ഞു. മറ്റൊന്ന് > ‘....അനന്തരം, ച്യവനമഹർഷി ഇന്ദ്രനെതിരായി നടത്തിയ ഹോമകുണ്ഡത്തിൽനിന്നും ‘മദൻ’ എന്നൊരു രാക്ഷസൻ ഉയർന്നുവന്നു. ഭയവിഹ്വലനായ ഇന്ദ്രൻ മഹർഷിയുടെ കാൽക്കൽ ശരണം പ്രാപിച്ചു. മഹർഷി, മദനെ നാലായി വിഭജിച്ച് ഓരോഭാഗം ചൂതിലും നായാട്ടിലും മദ്യത്തിലും സ്ത്രീയിലും നിക്ഷേപിച്ചു. അതിനുശേഷം ഇവനാലും രജോവകപീഡിതമായും മാദകമായും മാറി.....’ എന്ന് പുരാണത്തിൽ. ‘കോശങ്ങളുടേയും അണ്ഡവാഹിനിക്കുഴലുകളുടേയും സമയക്രമമനുസരിച്ചുള്ള ചുരുങ്ങലിൽ, ശുദ്ധരക്തംതന്നെയാണ് നിർഗ്ഗമിക്കുന്നത്...’ എന്ന് ഈയിടെ ഒരു ഡോക്ടർ എഴുതിയത് വായിച്ചതോർക്കുന്നു. (ഏതിലാണെന്ന് മറന്നു, ക്ഷമിക്കണം. ശരിയാണോ എന്നറിയിക്കുന്നത് ഇത്തരുണത്തിൽ നന്നായിരിക്കും.) ഏതിനും, ഇവിടെ തുടർച്ചയായി പ്രതിപാദിച്ചുവരുന്ന വിഷയത്തെ ബന്ധപ്പെടുത്തിത്തന്നെ, വളരെ വിജ്ഞാനം പകരുന്ന ഡോക്ടർ ബാബുരാജിന്റെ വിശകലനങ്ങൾ ശ്ലാഘനീയമാണ്. അതു തുടരുന്നത് ഏവർക്കും ഏറെ നല്ലത്. ആശംസകൾ........

  ReplyDelete
 7. പ്രിയ ഓർമ്മകൾ, MEKERALAM, വി.ഏ നന്ദി.

  ReplyDelete
 8. കണ്ണു തുറപ്പിക്കുന്ന വളരെ ശ്രദ്ധേയമായ വിശകലനം.
  ചില വസ്തുതാ വിരുദ്ധ പ്രസ്താവനകള്‍ ഉള്ളതും കൂടി
  ചൂണ്ടി കാണിക്കട്ടെ.
  "ഇസ്ലാമില്‍ ആ സമയത്ത് സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് പോലും അനുവാദമില്ല.
  (എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെ സമീപിക്കുന്നതില്‍ തടസ്സമൊന്നുമില്ല.)"

  പ്രാര്‍ത്ഥന വേണ്ട എന്നത് ശരിയാണ്. കുറച്ചു ദിവസത്തേക്ക് പ്രാര്‍ഥനയില്‍
  ഇളവു നല്‍കുന്നത് വിവേചനമാകുമോ?
  എന്നാല്‍ "പുരുഷന്മാര്‍ക്ക് അവരെ സമീപിക്കുന്നതില്‍ തടസ്സമൊന്നുമില്ല."
  എന്ന പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്. ഈ സമയത്തുള്ള
  ഈ "സമീപിക്കല്‍" സത്യത്തില്‍ നിഷിദ്ധമാണ് ഇസ്‌ലാമില്‍.
  അറിയുന്ന വിഷയങ്ങള്‍ മനോഹരമായി എഴുതുമ്പോഴും
  അറിയാത്ത ഒരു വരി എഴുതി സമഗ്രത കളയാതിരിക്കുന്നത്
  നന്നായിരിക്കും.

  ReplyDelete
 9. പ്രിയ സലാം,
  കമന്റിന് നന്ദി. പ്രാർത്ഥനയ്ക്ക് ഇളവ് കൊടുക്കുന്നത് വിവേചനമാകുമോ എന്നു ചോദിച്ചാൽ ഒരു മറുപടിക്ക് ഞാനില്ല. കാരണം പ്രാർത്ഥനയുടെ ആവശ്യകത ഇനിയും മനസ്സിലായിട്ടില്ലാത്ത ഒരാളാണ് ഞാൻ.
  താങ്കളുടെ വികാരത്തെ മാനിച്ച് ബ്രായ്ക്കറ്റിൽ കൊടുത്തിരുന്ന വാചകം നീക്കം ചെയ്തിട്ടുണ്ട്. ആ വാചകം പക്ഷെ എനിക്ക് പിശക് പറ്റി കയറി വന്നതൊന്നുമല്ല. പോസ്റ്റിന്റെ വിഷയം വേറെയായതിനാൽ റഫറൻസ് ഒക്കെ എഴുതി ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല.

  ReplyDelete
 10. ഈ ലേഖനം വളരെ നന്നായി, സ്ത്രീയെക്കുറിച്ച് വികലമായ അറിവുകളാണ് സമൂഹത്തിൽ അധികവും പുലർന്ന് കണ്ടിട്ടുള്ളത്. ആർത്തവമെന്ന സംഭവം അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ശാരീരിക പ്രതിഭാസമാണ്. ഒരു കുറവുമില്ലാത്ത മാതൃകാ മനുഷ്യ ശരീരമായ പുരുഷ ശരീരത്തിൽ സംഭവിയ്ക്കുന്ന ആർത്തവം പോലെയുള്ള അപകടങ്ങളാണ് ദുർബലമായ സ്ത്രീ ശരീരത്തിന് കാരണമെന്ന് പഠിപ്പിച്ചു തന്ന കോൺ വെന്റ് വിദ്യാഭ്യാസകാലം ഓർമ്മയിലുണ്ട്.
  സ്ത്രീ ആരോഗ്യത്തെക്കുറിച്ച് വിശദമായ തികച്ചും ശാസ്ത്രീയമായ അറിവ് പകരുന്ന ലേഖനങ്ങൾ അത്യാവശ്യമാണെന്ന് അറിയിച്ചുകൊള്ളട്ടെ. സ്വന്തം ശരീര ഭാഗങ്ങളുടെ പേരു പറയുന്നതു പോലും പാപമായിത്തീരുമെന്ന് വിശ്വസിയ്ക്കുന്ന സ്ത്രീകൾ ജീവിയ്ക്കുന്ന ലോകമാണിത്, അവളുമായി ബന്ധപ്പെട്ട മിയ്ക്കവാറും എല്ലാറ്റിനും പാപത്തിന്റെ ഗന്ധം പരത്തിയിട്ടുള്ളതുകൊണ്ടാവാം ഇത്.

  ReplyDelete
 11. “ആര്ത്തവകാലത്ത് സ്ത്രീക്ക് വിശ്രമം ആവശ്യമാണെന്നും അതിനൊരു മാര്ഗ്ഗമായാണ് ഈ നിബന്ധനകളെന്നും എന്റെ സുഹൃത്തായ ഒരു ആയുര്വേദ ഡോക്ടര് പറയുന്നു.“

  ++ ഇത് വളരെ ശരിയാണെന്നാണ് എന്റെയും കാഴ്ചപ്പാട്.


  “ഡോ: ഷിക്കിനുണ്ടായ ഒരു അനുഭവമായിരുന്നു അദ്ദേഹത്തെ ആ വഴിക്ക് തിരിച്ചു വിട്ടത്. ഒരു ദിവസം അദ്ദേഹത്തിന്റെ ക്ലിനിക്കില് ഏതോ രോഗി നന്ദിപൂര്വ്വം കൊടുത്തയച്ച കുറച്ച് പൂക്കളെത്തി. ഷിക്ക് അദ്ദേഹത്തിന്റെ നഴ്സിനോട് ആ പൂക്കള് ഒരു പൂപ്പാത്രത്തിലേക്ക് മാറ്റി വെയ്ക്കാന് ആവശ്യപ്പെട്ടു. പക്ഷെ സിസ്റ്റര് വിസമ്മതിച്ചു. കാരണം അന്വേഷിച്ചപ്പോള് താന് ഇപ്പോള് ആര്ത്തവത്തില് ആണെന്നും ഇങ്ങനെയിരിക്കെ പൂക്കളില് സ്പര്ശിച്ചാല് അവ വാടിപ്പോകുമെന്നും അവര് പറഞ്ഞു. അവര്ക്ക് അത്തരത്തില് മുന് അനുഭവം ഉണ്ടത്രെ. ഡോക്ടറിലെ ശാസ്ത്രന്വേഷി ഉണര്ന്നു. അദ്ദേഹം അതില് പകുതി പൂവുകള് വളരെ ശ്രദ്ധാപൂര്വ്വം ഒരു പൂപ്പാത്രത്തില് വെച്ചു, ബാക്കി പകുതി ആ നഴ്സിനെക്കൊണ്ട് നന്നായി 'കൈകാര്യം ചെയ്യിപ്പിച്ച്' വേറൊരു പാത്രത്തില് വെയ്പ്പിച്ചു. അത്ഭുതകരമെന്നു പറയട്ടെ, നഴ്സ് വെച്ച പൂക്കള് അധികം വൈകാതെ വാടിപ്പോയി, മറ്റേ പാത്രത്തിലെ പൂക്കള് കൂടുതല് സമയം വാടാതിരുന്നു. ഡോ: ഷിക്ക് ഈ പരീക്ഷണം പ്രസിദ്ധീകരിച്ചു.“

  ++ ഇത് വിശ്വസിക്കാനാകുമോ? ++  “1936 ല് പേള്സ്റ്റീന് മാത്യുസണ് എന്നീ ഗവേഷകര് ആര്ത്തവത്തില് ഉള്ള അമ്മമാര് പാലൂട്ടുന്നതിനാലാണ് കുഞ്ഞുങ്ങള്ക്ക് ആസ്തുമയും വയറു വേദനയും ഉണ്ടാകുന്നത് എന്ന് അവകാശപ്പെട്ടു. (സത്യത്തില് ഈ വാദത്തില് പുതുമ ഒന്നും ഉണ്ടായിരുന്നില്ല. കാരണം 13ആം നൂറ്റാണ്ടിലെ 'സ്ത്രീ രഹസ്യങ്ങള്' (De Secretin Mulierum) എന്ന പുസ്തകത്തില് ഗ്രന്ഥകാരന് ഇക്കാരണം കൊണ്ടാണ് കുട്ടികള്ക്ക് ചുഴലിയും കുഷ്ഠവും വരുന്നത് എന്ന് പറഞ്ഞിരുന്നു.)“

  ++ ഇതിനോട് ആരെങ്കിലും യോജിക്കുന്നുണ്ടോ? എച്ചുമുക്കുട്ടിയും ഒരു അമ്മയല്ലേ? എന്റെ ഭാര്യ എന്റെ മക്കളേയും അവര് അവരുടെ മക്കളേയും ഈ അവസ്ഥയില് പാലൂട്ടിയിരുന്നത് എനിക്കറിയാം. പക്ഷെ താങ്കള് റഫര് ചെയ്തിരുന്നതൊന്നും എനിക്ക് ബോധ്യമായിട്ടില്ല.

  ഇത് വാസ്തവമാണെങ്കില് ഈ വിഷയം IMA മുതലായ സംഘടനകളുമായി ചര്‍ച്ച ചെയ്ത് നമ്മുടെ അമ്മമാരെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. +++

  ReplyDelete
 12. Sir,
  I am afraid you haven't read the entire post. Please also see the second part. The link is given at the bottom of the post.

  Thank you.

  ReplyDelete
 13. @ബാബുരാജ്

  താങ്കളുടെ ലേഖനത്തിൽ ഒരു പരാമർശമുണ്ട് അത് ഇസ്ലാമിൽ സ്ത്രീകൾക്ക് ആർത്തവകാലത്ത് പ്രാർഥനക്ക് പോലും അനുവാദമില്ല എന്നതാണ്. അത് എന്ത് അടിസ്ഥാനത്തിലാണ് എഴുതിയിരീക്കുന്നത് ? ഇവിടെ പ്രാർഥന എന്നത് കൊണ്ട് എന്താണ് അർഥമാക്കുന്നത് ?

  ReplyDelete
 14. മനുഷ്യര്‍ക്ക് മാത്രം എന്തുകൊണ്ടാണ് എല്ലാ മാസവും ഈ പരാജയ കഥ(ഗര്‍ഭധാരണം നടക്കാതെ ആര്‍ത്തവമുണ്ടാകുന്നത്
  )ആവര്‍ത്തിക്കുന്നത്? പരിണാമത്തിന്റെ ഒരു പ്രധാന തത്വമായ 'ക്ഷമത'യ്ക്ക് കടകവിരുദ്ധവുമാണിത്! സാദ്ധ്യത രണ്ടു വിധത്തിലാവാം.>>>

  പ്രാർത്ഥനയുടെ ആവശ്യകത ഇനിയും മനസ്സിലായിട്ടില്ലാത്ത താങ്കള്‍ക്ക്,മനുഷ്യ സൃഷ്ടിപ്പ് പരിണാമ വിരുദ്ധമായതിന്‍റെ സാധ്യതകള്‍ സ്വയം ആരായാവുന്നതാണ്.
  എന്നാല്‍ പരിണാമ സിദ്ധാന്തത്തിന്‍റെ ആവശ്യകത ഇനിയും മനസ്സിലായിട്ടില്ലാത്ത വിശ്വസികള്‍ക്ക് അത് സ്വീകാര്യമാവുമോ?.സത്യന്വാഷികള്‍ക്ക് അത് സ്വീകാര്യമാവുമോ..?.

  ReplyDelete
 15. >പ്രാർത്ഥനയുടെ ആവശ്യകത ഇനിയും മനസ്സിലായിട്ടില്ലാത്ത ഒരാളാണ് ഞാൻ.
  താങ്കളുടെ വികാരത്തെ മാനിച്ച് ബ്രായ്ക്കറ്റിൽ കൊടുത്തിരുന്ന വാചകം നീക്കം ചെയ്തിട്ടുണ്ട്. ആ വാചകം പക്ഷെ എനിക്ക് പിശക് പറ്റി കയറി വന്നതൊന്നുമല്ല <


  അലിഭായ്, ബാബുരാജ് സലാമിനു നൽകിയ മറുപടി കാണുക


  അപ്പോൾ ഇദ്ദേഹം തനിക്ക് തെറ്റുപറ്റിയാൽ അത് സമ്മതിക്കുകയില്ല. അല്ലെങ്കിൽ തെറ്റാണെന്ന് ബോധ്യപ്പെട്ടു കൊണ്ട് തന്നെ ദുരാരോപണമുന്നയിക്കുന്നു.

  ഈ ബ്ലോഗിന്റെ ഉദ്ധേശ്യലക്ഷ്യന്ങൾ(?)ക്ക് കടകവിരുദ്ധമാണിത്തരം ആളുകളുടെ മനസിലെ വർഗീയത

  ReplyDelete
 16. ഒരു മതേതരകേരളമാണ് ഈ ബ്ലോഗിന്റെ വിഷൻ. എന്നു പറഞ്ഞാൽ, എല്ലാമതത്തിലുള്ളവരും കേരളമെന്ന ജനാധിപത്യസംസ്ഥനത്തിന്റെ ഭാഗമാണ്.

  അപ്പോൾ പൊതുവായ വിഷയങ്ങളേക്കുറിച്ചെഴുതുമ്പോൾ പല മതവിഭാഗങ്ങളിൽ ഉള്ളവർ എങ്ങനെ അതിനെകാണുന്നു എന്നുള്ളത് പരാമാർശിക്കേണ്ടി വരും.അതിനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനുണ്ടാവണം. അല്ലെങ്കിൽ എഴുത്തിനു റെലവൻസ് ഇല്ലാതാകും.

  അങ്ങനെയുള്ള ഒരു സാഹചര്യമാണ് ഡോക്ടരുടെ ഈ പോസ്റ്റിലുള്ളത്.

  എന്നാൽ വായനക്കാരനും അഭിപ്രായത്തിനുള്ള അവസരം ഉണ്ടാകണം. ഉണ്ട്. ആ സ്വാതന്ത്ര്യമാണ് സലാം ഉപയോഗിച്ചത്.

  അതിനുള്ള മറുപടി ഡോക്റ്റർ കൊടുത്തതിങ്ങനെയാ‍ണ്.
  ‘താങ്കളുടെ വികാരത്തെ മാനിച്ച് ബ്രായ്ക്കറ്റിൽ കൊടുത്തിരുന്ന വാചകം നീക്കം ചെയ്തിട്ടുണ്ട്. ആ വാചകം പക്ഷെ എനിക്ക് പിശക് പറ്റി കയറി വന്നതൊന്നുമല്ല. പോസ്റ്റിന്റെ വിഷയം വേറെയായതിനാൽ റഫറൻസ് ഒക്കെ എഴുതി ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല.‘

  സംവാദകൻ പക്ഷെങ്കിൽ അതിന്റെ പകുതിക്വാട്ടു ചെയ്തു കൊണ്ട് അതിൽ വർഗ്ഗീയത ആരോപിക്കുന്നു.

  വിഷയത്തെ കണക്കാക്കി ചർച്ച മതപരമാക്കാൻ താല്പര്യമില്ല എന്നാണ് ഡോക്ക്ടർ എഴുതിയത്.

  ഇനി ആതു പോരാ എന്നുണ്ടങ്കിൽ, എഴുത്തുകാരൻ സത്യത്തെ വളച്ചൊടിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കിൽ ,അങ്ങനെയുള്ളവർക്ക് മറ്റൊരു പോസ്റ്റിടാമല്ലോ. അതിന്റെ ലിങ്ക് ഒരു വിശദീകരത്തിനായി ഒരു കമന്റായി ഇവിടെ കൊടുക്കുക.

  ഡോക്റ്റർ എല്ലാം മതങ്ങളും ആർത്തവത്തെ കാണുന്നത് എങ്ങനെ എന്നെഴുതിയിട്ടുണ്ട്. അപ്പോൾ മറ്റു മതങ്ങളിലുള്ളവരും ഇതുപോലെയുള്ള കമന്റുകൾ കോണ്ടുവന്നാൽ, ഡോക്ടർ അതിനൊക്കെ സമാധാനം പറയുന്നതിനുള്ള ഒരു മത ചർച്ച ഈ ബ്ലോഗിൽ തുടങ്ങിയിരുന്നെങ്കിൽ അതെങ്ങനെ ഈ ബ്ലോഗിന്റെ ഉദ്ദേശത്തെ അനുകൂലിക്കുമായിരുന്നു?

  ReplyDelete
 17. >പൊതുവായ വിഷയങ്ങളേക്കുറിച്ചെഴുതുമ്പോൾ പല മതവിഭാഗങ്ങളിൽ ഉള്ളവർ എങ്ങനെ അതിനെകാണുന്നു എന്നുള്ളത് പരാമാർശിക്കേണ്ടി വരും.അതിനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനുണ്ടാവണം. <

  അംഗീകരിക്കുന്നു. പക്ഷെ വസ്തുതകള്‍ക്ക് നിരക്കാത്തത് എഴുതിപിടിപ്പിക്കരുതെന്ന് മാത്രം.

  ഈ വിഷയത്തില്‍ വിശദമായ പോസ്റ്റിനു ശ്രമിയ്ക്കാം ആവശ്യമായി വരുന്നപക്ഷം

  ReplyDelete
 18. ഈ തുടരനുകൾ ഇന്നാണ് വായിക്കുന്നത്....

  ReplyDelete