ഇതൊരു സ്ത്രീ പക്ഷ രചനയാണ്. സ്ത്രീകളുടെ പക്ഷത്തു നിന്നുള്ള ഒരവലോകനം. മാന്യ പുരുഷ വായനക്കാര്‍ മനസ്സിലാക്കുമല്ലോ.
മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ പഴയ കാല സിനിമാ താരം അവതരിപ്പിക്കുന്ന പരിപാടി. കുറെ സംഗീതവും സെന്റിമെന്റ്സും ഒഴിവാക്കിയാല്‍ മനുഷ്യാവസ്ഥ കളെപ്പറ്റി ഒരു നേര്‍ക്കാഴ്ച്ച അതിനുണ്ട് എന്ന് തോന്നുന്നു. ക്ഷമാപണത്തോടെ പറയട്ടെ, ഞാനത് സ്ഥിരമായി കാണാറില്ല.
ഈയിടെ ഒരു എപ്പിസോഡില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്, രണ്ടു കുട്ടികളുമൊത്ത്, വിവാഹിതനായ മറ്റൊരു പുരുഷനോടൊപ്പം ഒളിച്ചോടിപ്പോയ ഒരു യുവതിയെ കാണാനിടയായി. ഭര്‍ത്താവാണ് പരാതിക്കാരന്‍. വിളിച്ചു വരുത്തപ്പെട്ട യുവതിക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്.വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന്, ഭര്‍തൃ പിതാവില്‍ നിന്ന്, ഭര്‍ത്താവില്‍ നിന്നു തന്നെ,അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍.. വീട്ടില്‍ സുഹൃത്തുക്കളോടൊത്തുള്ള നിരന്തരമായ മദ്യപാനം. അരക്ഷിതമായ അവസ്ഥയില്‍ നല്ലവനായിതോന്നിയ യുവാവിനോടൊപ്പം മക്കളുടെ സമ്മതത്തോടെ പലായനം. സന്തോഷത്തോടെയുള്ള ജീവിതം..
നിയമത്തിനു അതിന്റേതായ വഴികളുണ്ട്. അല്ലെങ്കില്‍ അതിന്റേതായ വഴികളേയുള്ളു. മനുഷ്യ മനസ്സിന്റെ വേദനകളും നിരാലംബമായ പരിദേവനങ്ങളും മനസ്സിലാക്കി തീരുമാനമെടുക്കാന്‍ നിയമത്തിനു പരിമിതികളുണ്ട്. വിവാഹിതയായ സ്ത്രീ,വിവാഹിതനായ പുരുഷനോടോത്തു ജീവിക്കുന്നത് വ്യഭിചാരം മാത്രമാണ് നിയമത്തിന്റെ കണ്ണില്‍.
തീരുമാനമെടുക്കുമ്പോള്‍, യുവതിയുടെ ഭര്‍ത്താവിനു വിവാഹ മോചനം വേണം.അനുവദിക്കപ്പെട്ടു. ഒളിച്ചോടിയ യുവാവിന് സ്വന്തം ഭാര്യയോടു പിണക്കമൊന്നുമില്ലെന്കിലും കൂടെ ജീവിക്കുന്ന യുവതിയെ പിരിയാന്‍ വയ്യ. അത് അനുവദിക്കപ്പെട്ടില്ല. സ്വന്തം ഭാര്യയോടൊത്ത് ജീവിച്ചേ മതിയാവൂ. ഒളിച്ചോടിയ യുവതി, സ്വന്തം അച്ഛനമ്മമാരോടോത്തു ജീവിക്കണം. അവിവാഹിതനായ സഹോദരന്‍ സംരക്ഷിക്കാംഎന്നേറ്റു. അയാള്‍ വിവാഹിതനായിക്കഴിഞ്ഞാലോ...? അത് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ പെടുന്ന കാര്യമല്ല.
നിയമത്തിന്റെ വശത്തുനിന്നു ഇങ്ങിനെയൊരു തീരുമാനം മാത്രമേ സാദ്ധ്യമാവുകയുള്ളൂ ആകെ പകച്ചു പോയ ആ യുവതിയുടെ സ്ഥിതി കണ്ടിട്ട് എന്റെയുള്ളിലുയര്‍ന്ന ചോദ്യമിതാണ്.' ആ യുവതിക്ക് നീതി കിട്ടിയോ..? ജീവിതകാലം മുഴുവന്‍ അവളെ പീഢിപ്പിച്ച ഭര്‍ത്താവ് സ്വതന്ത്രനായി. അയാള്‍ക്ക് പുതിയൊരു വിവാഹം കഴിച്ചു ജീവിക്കാം. പക്ഷെ,അവളോ...?.തന്റേതല്ലാത്ത തെറ്റിന് ജീവിതത്തില്‍ നിന്നുണ്ടാകുന്ന അനീതി മുഴുവന്‍ സഹിച്ചു ഒരു ജന്മം മുഴുവന്‍ കഴിച്ചു കൂട്ടുകയായിരുന്നോ അവള്‍ ചെയ്യേണ്ടിയിരുന്നത്...?
നമ്മുടെ നാട്ടിലെ ബഹു ഭൂരിപക്ഷം വിവാഹങ്ങളും നടക്കുന്നത് മാതാപിതാക്കളുടെ തീരുമാനപ്രകാരമാണ്. വിവാഹത്തില്‍ പന്കാളികളാകുന്നവരുടെ മാനസിക പൊരുത്തം അവയില്‍ ഒരു ഘടകം ആകുന്നതേയില്ല.ജാതിയും ജാതകവും,സാമ്പത്തികവും സാമൂഹ്യവും സൌന്ദര്യവും വരെ ചേര്‍ച്ചയുടെ ആവശ്യഘടകങ്ങളാകുമ്പോള്‍ ജീവിതം നയിക്കേണ്ടവരുടെ മാനസിക പൊരുത്തങ്ങള്‍,അഭിരുചികള്‍,ജീവിത വീക്ഷണങ്ങള്‍ ഇവയൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നതേയില്ല. വിവാഹത്തിനു ശേഷം ഇത്തരം ചേര്‍ച്ചയില്ലായ്മകള്‍ മറ നീക്കി പുറത്തു വരുമ്പോള്‍ മാത്രമാണ് പലര്‍ക്കുമിതേപ്പറ്റി ബോധമുണ്ടാകുന്നത് തന്നെ.
ഇപ്പോള്‍ മധ്യ വയസ് കഴിഞ്ഞ തലമുറയെപ്പറ്റി പറയാറുണ്ട്, കഴിഞ്ഞ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമിടയില്‍ ഞെരുങ്ങി പോയവരാണ് അവരെന്ന്‍. വളരെ ശരിയാണത്. സ്ത്രീകളെയെടുത്താല്‍,അവരുടെ മുന്‍ തലമുറ പുരുഷന്റെ തണലില്‍ വീട് ഭരിച്ചവരായിരുന്നു. കുടുംബത്തിലുള്ള എല്ലാവരുടെയും എല്ലാത്തരം ആവശ്യങ്ങളും സാധ്യ മാക്കുക പുരുഷന്റെ ചുമതലയില്‍ പെട്ട കാര്യമായിരുന്നു എന്നതു കൊണ്ട്, ഗാര്‍ഹിക, സാമൂഹിക,സാമ്പത്തിക രംഗങ്ങളില്‍ പുരുഷന്‍ ആധിപത്യം നേടിയെടുത്തു. സ്ത്രീ പുരുഷനെ ആശ്രയിച്ചു ജീവിക്കേണ്ടവളായതു കൊണ്ട്പുരുഷാധിഷ്ഠിത സമൂഹത്തില്‍ അവള്‍ രണ്ടാം തരം വ്യക്തിയായി,നിശ്ശബ്ദയാക്കപ്പെട്ടു.
അടുത്ത തലമുറയില്‍ സ്ത്രീകള്‍ മുഖ്യ ധാരയിലേക്ക് വരികയും പലരും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു. പക്ഷെ,മുതിര്‍ന്ന തലമുറയില്‍ നിന്ന് പകര്‍ന്നു കിട്ടിയ മൂല്യങ്ങളെപ്പറ്റിയുള്ള ധാരണകളില്‍ നിന്ന് മുക്തയാവാന്‍ അവള്‍ക്കു സാധിച്ചില്ല ഫലത്തില്‍, പുരുഷന്റെ ചുമതലകളില്‍ പകുതി പങ്കിട്ടെടുത്ത സ്ത്രീക്ക് അവന്റെ അവകാശങ്ങളുടെ പങ്കു നിഷേധിക്കപ്പെട്ടു. ചോദ്യം ചെയ്യപ്പെടേണ്ട വ്യവസ്ഥിതികളെ ചോദ്യം ചെയ്യാനുള്ള ധൈര്യം അവള്‍ക്കുണ്ടായതുമില്ല.
ഒരു പക്ഷെ, സ്വന്തം ജീവിതത്തിന്റെ പരാജയങ്ങള്‍ മകളില്‍ ആവര്‍ത്തിക്കപ്പെടരുത് എന്ന് കരുതിയാവാം, പെണ്‍കുട്ടികളെ ധീരരായി വളരാന്‍, അവരെ ആണ്‍ കുട്ടികള്‍ക്കു തുല്യരായി ഇരിക്കാന്‍ അമ്മമാര്‍ അനുവദിച്ചത്. ജീവിതത്തെ അമ്മയുടെതില്‍ നിന്ന് പുനര്‍ നിര്‍വചിക്കാന്‍ കെല്‍പ്പുള്ള ഒരു തലമുറ ഉണ്ടായി എന്നതാണ് അതിന്റെ നേട്ടം.
വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് തന്നെക്കാള്‍ കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും അര്‍ഹിക്കുന്നു എന്ന് വിശ്വസിക്കുന്ന പെണ്‍കുട്ടികള്‍ ഇന്ന് അപൂര്‍വമായിരിക്കുന്നു. വിവാഹത്തിന്റെ തീരുമാനം മാതാപിതാക്കളെ ഏല്‍പ്പിക്കുന്നവര്‍ പോലും വിവാഹത്തിനു ശേഷമുള്ള പൊരുത്തക്കേടുകളില്‍ കീഴടങ്ങലിന്റെ പാത സ്വീകരിക്കുന്നില്ല. അതില്‍ അച്ഛനമ്മമാരുടെയോ ബന്ധുക്കളുടെയോ അഭിപ്രായങ്ങള്‍ക്ക് വില കല്പ്പിക്കുന്നുമില്ല. ഏത് അവഗണനയും പീഢനവും നിശ്ശബ്ദമായി സഹിച്ച് മക്കള്‍ക്കുവേണ്ടി,കുടുംബത്തിനുവേണ്ടി ജീവിതം ഹോമിച്ച സ്ത്രീകളുടെ തലമുറ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. സ്വന്തം ജീവിതത്തെ മറ്റുള്ളവര്‍ക്കു വേണ്ടി പാഴാക്കി കളയാന്‍ തയാറാവാതെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
വിവാഹ മോചനത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ളതു പോലെ വീട്ടില്‍ ലാളിച്ചു വഷളാക്കിയതാണോ ഇതിന്റെ കാരണം...? ന്യൂന പക്ഷം അത്തരത്തിലുണ്ട് എങ്കിലും കടമകളും അവകാശങ്ങളും തുല്യമായി പങ്കു വയ്ക്കപ്പെടേണ്ടതാണെന്ന പുതിയ കാഴ്ച്ചപ്പാട് ഒരു നിര്‍ണായക ഘടകമാകുന്നു. സ്വന്തം ജീവിതം മറ്റുള്ളവരുടെ കാല്‍ക്കീഴില്‍ വയ്ക്കാന്‍ തയ്യാറാകാത്ത ധീരരായ ഒരു തലമുറ ഇവിടെ ഉയര്‍ന്നു വന്നിരിക്കുന്നു. അതില്‍ തന്നെ ഒരു വിഭാഗം കുട്ടികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പുനര്‍ വിവാഹിതരാകാതെ മുന്നോട്ടു പോകുന്നു.
കുടുംബം എന്ന സങ്കല്പം തന്നെ പുനര്‍ നിര്‍വചിക്കപ്പെടുകയാണ്, ഇക്കാലങ്ങളില്‍. സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്ത്രീകള്‍ വിവാഹ മോചനത്തിനു ശേഷമുള്ള ജീവിതം വളരെ സന്തോഷപ്രദമായി നയിക്കുന്നത് കാണാനിടയായിട്ടുണ്ട്. പ്രത്യേകിച്ചും, സമൂഹത്തിന്റെ കടന്നു കയറ്റങ്ങളില്ലാത്ത നഗര ജീവിതത്തില്‍.
സഹജീവിതം (Living together) എന്ന സങ്കല്പം ഇന്നത്തെ തലമുറയെ ആകര്‍ഷിക്കുന്നുണ്ട്. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങള്‍ ഇതിനനുകൂലമല്ലെങ്കില്‍ പോലും. സ്വന്തം അഭിരുചികള്‍ക്കിണങ്ങിയ പങ്കാളിയോടോത്ത് വിവാഹത്തിന്റെ കെട്ടു പാടുകളും വിധേയത്വങ്ങളുമില്ലാത്ത ജീവിതം നയിക്കുന്നത് അഭികാമ്യമായി കരുതുന്നതില്‍ തെറ്റുണ്ട് എന്ന് പറയാനാവില്ല. വിവാഹത്തിന്റെ കുരുക്കില്‍ പെട്ട് നുകത്തിനു കീഴിലെ കാളയെപ്പോലെ യാതന അനുഭവിക്കുന്നതിലും അഭികാമ്യം ഇത് തന്നെ യാണെന്നാണ് വ്യക്തി പരമായി ഞാന്‍ വിശ്വസിക്കുന്നത്. ഇതും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ഏതായാലും, കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണു കുടുംബത്തിലേക്ക് മാറിയ പോലെ വിപ്ലവകരമായ മാറ്റങ്ങള്‍,ഭാര്യയും ഭര്‍ത്താവും മക്കളും അടങ്ങിയ കുടുംബം എന്ന സങ്കല്‍പ്പത്തില്‍ ഉണ്ടാവുക തന്നെ ചെയ്യും. സ്വന്തം ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാനുള്ള ധൈര്യം നമ്മുടെ പെണ്‍കുട്ടികള്‍ സ്വായത്തമാക്കി കഴിഞ്ഞു. നമ്മുടെ മൂല്യ ബോധങ്ങള്‍ അതിനനുസരിച്ചു എങ്ങിനെയാണ് പൊളിച്ചെഴുതപ്പെടുന്നത് എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു...
സ്ത്രീ പൊതു ഇടങ്ങളില്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക ആക്രമണങ്ങളെക്കുറിച്ചു കഴിഞ്ഞ കുറെ പോസ്റ്റുകളിലായി നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു പാവം പൂവ് സ്വകാര്യ ഇടത്തിലെ സ്ത്രീയുടെ അവസ്ഥയെക്കുറിച്ച് എഴുതുന്നു. ഒരു സ്ത്രീ പ്രശ്നമായി അവതരിപ്പിച്ചിരിക്കുമ്പോഴും ഇതൊരു സ്ത്രീ പ്രശ്നം മാത്രമല്ല, പുരുഷനേയും,കുട്ടികളേയും, സമൂഹത്തേയും ഒക്കെ ബാധിക്കുന്നുണ്ട്. പക്ഷെ അവിടെയും ചൂഷണമനുഭവിക്കുന്നതും, അവകാശങ്ങള്‍ നഷ്ടപ്പെടുന്നതും സ്ത്രീകള്‍ക്കാണ്.
ReplyDelete“വിവാഹിതയായ സ്ത്രീ,വിവാഹിതനായ പുരുഷനോടോത്തു ജീവിക്കുന്നത് വ്യഭിചാരം മാത്രമാണ് നിയമത്തിന്റെ കണ്ണില്‍...“ മറ്റൊരു പുരുഷനോടൊത്ത് ജീവിക്കുന്നതല്ലേ താങ്കള്‍ ഉദ്ദേശിച്ചത്. അത് പുരുഷനായാലും സ്ത്രീയായാലും അവിഹിതം തന്നെയാണ്.
ReplyDelete“ഒളിച്ചോടിയ യുവാവിന് സ്വന്തം ഭാര്യയോടു പിണക്കമൊന്നുമില്ലെന്കിലും കൂടെ ജീവിക്കുന്ന യുവതിയെ പിരിയാന്‍ വയ്യ...”ഇവിടയും ഒരു യുവതിയുടെ ജീവിതം മറ്റൊരു യുവതിയാല്‍ തകര്‍ക്കപ്പെടുകയല്ലേ?
“സഹജീവിതം“ (COHABITATION)നമ്മുടെ സമൂഹത്തില്‍ പണ്ട് മുതലേ ഉണ്ട്. അന്ന് അതിനേപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും നടക്കില്ലാത്തതുകൊണ്ട് ആരും അത് ഒരു സാമൂഹ്യപ്രശ്നമായി എടുത്തിരുന്നില്ല.ഒരു താലിമാലപോലും ചാര്‍ത്താതെ ഒന്നിച്ചൊരു വീട്ടില്‍ ഇപ്പോഴും മക്കളും മക്കളുടെ മക്കളുമൊക്കയായി കഴിയുന്ന എത്രയോ പ്രശസ്ത വ്യക്തിത്തങ്ങള്‍ ഈ കേരളക്കരയില്‍ തന്നെയുണ്ട്.
ഈ ബ്ലോഗിലെ നിഗമനങ്ങളോട് മൊത്തത്തില്‍ യോജിക്കുന്നയാളാണ് ഈ കമന്റെഴുതുന്നത്.
ReplyDelete>>സഹജീവിതം (Living together) എന്ന സങ്കല്പം ഇന്നത്തെ തലമുറയെ ആകര്‍ഷിക്കുന്നുണ്ട്<<
ഈ വിഷയത്തെ അധികരിച്ച് ഈയിടെ ഏഷ്യാനെറ്റ് നമ്മള്‍ തമ്മില്‍ എന്ന പരിപാടിയില്‍ നടന്ന സംവാദം ഓര്‍ത്തുപോകുന്നു. "ഇന്നത്തെ തലമുറ" എന്നു വിളിക്കാവുന്ന ചെറുപ്പക്കാര്‍ (ആണുങ്ങളും പെണ്ണുങ്ങളും) ഏതാണ്ടെല്ലാവരും അതിനെ എതിര്‍ക്കുന്നതും മധ്യവയസ് കഴിഞ്ഞവരും ചില ആക്റ്റിവിസ്റ്റുകളും അതിനെ അനുകൂലിക്കുന്നതുമാണു കണ്ടത്.
സ്ത്രീകള്‍ക്കു തുല്യത എന്ന ആശയത്തെ അനുകൂലിക്കുന്നവരല്ല ഈ "ഇന്നത്തെ തലമുറ"(വിശേഷിച്ച് ആണ്‍കുട്ടികള്‍) എന്നാണു് ഇത്തരം ടിവി ചര്‍ച്ചകള്‍ നല്കുന്ന സൂചന.
ഇതൊക്കെ വായിച്ചപോ എനിക്ക് ആകെ പേടി ആക്കുന്നു ...
ReplyDeleteആശംസകള്‍ @ ഞാന്‍ പുണ്യവാളന്‍
സമൂഹത്തിൽ നടക്കുന്ന നാടകങ്ങൾ. ചിന്തിക്കേണ്ടത് നമ്മൾ തന്നെ
ReplyDeleteലേഖനത്തോടു പൂര്‍ണമായും യോജിക്കുന്നു.കപട സദാചാരത്തിന്റെ മുഖം മൂടികള്‍ അഴിച്ചു വച്ച് ഇനിയെങ്കിലും നാം ജീവിക്കാന്‍ പഠിക്കണം.
ReplyDeleteസമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളെ നിങ്ങള്‍ സ്ത്രീകള്‍ ശക്ത്തമായിഎതിര്‍ക്കണം എല്ലാം കണ്ണടക്കുമ്പോള്‍ അത് വീണ്ടും ഓരോന്നിനും വഴി ഒരുക്കുകയാണ് .. സ്നേഹത്തോടെ വിനയന്‍
ReplyDeleteവിനയന്‍: 'സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളെ നിങ്ങള്‍ സ്ത്രീകള്‍ ശക്ത്തമായിഎതിര്‍ക്കണം' എന്നതു 'നമ്മള്‍ എതിര്‍ക്കണം' എന്നാക്കട്ടെ?
ReplyDeleteപൂവേ, ഞാനോര്‍ക്കുകയായിരുന്നു.. ആ ടിവീ നിയമ സംഭവത്തില്‍ നടന്ന അട്ടിമറി. വിവാഹിതരായ രണ്ടുപേര് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ആദ്യഭര്‍ത്താവിനു ഭാര്യയെ ഉപേക്ഷിക്കാന്‍ അനുവാദം കൊടുത്തു. കാരണം ആ സ്ത്രീ പരപുരുഷന്റെ കൂടെ പോയവളാണു എന്നതാവുമല്ലോ. എന്നാല്‍ പരപുരുഷന്റെ ആദ്യസ്ത്രീയ്ക്കു ആ ഒരു റീസണ്‍ തോന്നിയിരിക്കില്ലേ? ആത്മാഭിമാനം എന്നതു എന്തു മാത്രം വിഴുങ്ങിക്കളഞ്ഞിട്ടാവും അവര്‍ അയാളെ വീണ്ടും ജീവിതത്തിലേക്കു സ്വീകരിച്ചിരിക്കുക, എന്തു സാഹചര്യങ്ങളുടെ പേരിലായാലും.. പക്ഷേ ആ ജീവിതം എങ്ങനെ മുന്നോട്ടു നീങ്ങും. അങ്ങനെ നീക്കാന്‍ വിധിക്കുന്ന നമ്മുടെ നിയമങ്ങള്‍ എത്ര ഉള്‍ക്കാഴ്ചയില്ലാത്തതാണു. വറചട്ടിയില്‍ നിന്നു എരിതീയിലേക്കു വീണ ആ പാവം സഹോദരിയുടെ കാര്യം കൂടുതല്‍ കഷ്ടം തന്നെ.
സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ സാമ്പത്തികമായി പ്രാപ്തിനേടുക എന്നതു എത്ര വലിയ കാര്യമാണെന്നതു ഇങ്ങനെ ഓരോന്നു അറിയുമ്പോള്‍ നമ്മള്‍ കൂടുതല്‍ കൂടുതല്‍ ഓര്‍ക്കണം.
തൊഴിലിനോടനുബന്ധിച്ചുള്ള കഷ്ടപ്പാടുകള്‍ ഉണ്ടെങ്കിലും സാമ്പത്തികസ്വാതന്ത്ര്യം നല്‍കുന്ന സുരക്ഷിതത്വ ബോധം വലുതു തന്നെയാണു. കഷ്ടപ്പാടുകള്‍ എന്നു പറയുമ്പോള്‍.. ഓഫീസില്‍ ഒരേ പോസ്റ്റിലിരിക്കുന്ന ഭാര്യയും ഭര്‍ത്താവും വീട്ടില്‍ ഒരുമിച്ചു വന്നു കയറിയാല്‍ പുരുഷന്‍ കസേരയില്‍ കയറി ഇരുപ്പാവും.. വിശ്രമം!, ഭാര്യ അടുക്കളപ്പണി, കുട്ടികളെ പഠിപ്പിക്കല്‍ തുടങ്ങി ചക്രശ്വാസം വലി... ഇങ്ങനെയാണു അധികവും കാണുന്നത്. എന്നാല്‍ അങ്ങനെയല്ലാതെ, ഒപ്പത്തിനൊപ്പം അടുക്കളയിലും കുട്ടികളുടെ കാര്യത്തിലും ശ്രദ്ധിക്കുന്ന പുരുഷന്മാരെയും അറിയാം. അതു സന്തോഷത്തോടെ ഓര്‍ക്കുന്നു. അവരുടെ എണ്ണം കൂടി വരട്ടെ.. നമ്മുടെ ചെറുപ്പക്കാരില്‍ ആ ചിന്ത കൂടുതലായി ഉണ്ടാവട്ടെ. ഇല്ലെങ്കില്‍ സഹനശേഷി ആവശ്യത്തില്‍ക്കൂടുതല്‍ സൂക്ഷിക്കേണ്ടതില്ലെന്ന ബോധമുള്ള പെണ്‍കുട്ടികള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും.
എങ്കിലും ഓര്‍ക്കുന്നു മധ്യവര്‍ഗ്ഗത്തിലും അതിനു മുകളിലുള്ളവരിലുമാണു ഇത്രയെങ്കിലും മാറ്റം വന്നിട്ടുള്ളത്..
"സ്വന്തം ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാനുള്ള ധൈര്യം നമ്മുടെ പെണ്‍കുട്ടികള്‍ സ്വായത്തമാക്കി കഴിഞ്ഞു. നമ്മുടെ മൂല്യ ബോധങ്ങള്‍ അതിനനുസരിച്ചു എങ്ങിനെയാണ് പൊളിച്ചെഴുതപ്പെടുന്നത് എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു..."
കാത്തിരിക്കാം. കാലം തന്റെ കുപ്പി കുലുക്കുമ്പോള്‍ എങ്ങനെയാണു കാര്യങ്ങള്‍ ഒതുങ്ങി വരുന്നതെന്ന്.
>> വിവാഹ മോചനത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ളതു പോലെ വീട്ടില്‍ ലാളിച്ചു വഷളാക്കിയതാണോ ഇതിന്റെ കാരണം...? ന്യൂന പക്ഷം അത്തരത്തിലുണ്ട് എങ്കിലും കടമകളും അവകാശങ്ങളും തുല്യമായി പങ്കു വയ്ക്കപ്പെടേണ്ടതാണെന്ന പുതിയ കാഴ്ച്ചപ്പാട് ഒരു നിര്‍ണായക ഘടകമാകുന്നു.<< ഈ പറഞ്ഞത് വളരെ സത്യമാണ് പൂവേ...
ReplyDeleteപക്ഷെ നിരക്ഷരന്‍ പറഞ്ഞപോലെ "ഇന്നത്തെ തലമുറ" യില്‍ ഭൂരിഭാഗവും വിശേഷിച്ച് ആണ്‍കുട്ടികള്‍ സ്ത്രീകള്‍ക്കു തുല്യത എന്ന ആശയത്തെ പൂര്‍ണ്ണമായും അനുകൂലിക്കുന്നവരല്ല എന്ന് പല ചര്‍ച്ചകളും കാണുമ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് ! അതുകൊണ്ടാണല്ലോ വിവാഹ മോചനങ്ങള്‍ കൂടുന്നതും.. അനുകൂലിക്കുന്നവരില്‍ ചിലരാവട്ടെ 'തുല്യത' എന്നാല്‍ കടമകള്‍ തുല്യം , അവകാശങ്ങള്‍ തുല്യമല്ല എന്ന മട്ടില്‍ ആണ് !
സത്യത്തില്‍ വിഹിതത്തിനെയും അവിഹിതത്തിന്റെയും അതിരുകള്‍ എവിടെയാണെന്ന് ഞാന്‍ അതിശയിക്കാറുണ്ട്. കുടുംബജീവിതത്തില്‍ എല്ലാ കൊള്ളരുതായ്മകളെയും കടിച്ചിറക്കി ജീവിക്കുന്ന സ്ത്രീകള്‍ വാഴ്ത്തപ്പെട്ടവരാകുന്നു. ശരിക്കും സാമ്പത്തികമായ അസമത്വം തന്നെയാണ് പ്രധാന കാരണം.
ReplyDeleteഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന പുരുഷന്മാര്‍ ഇല്ലെന്നല്ല. അവര്‍ ന്യൂനപക്ഷമായത് കൊണ്ട് സ്ത്രീകളെക്കുറിച്ച് ചിന്തിച്ചു പോകുന്നു എന്ന് മാത്രം.
"രണ്ടു കയ്യും കൂടി അടിച്ചാലേ ശബ്ദം വരൂ... " പൂര്‍ണമായും യോജികുന്നില്ല..
ReplyDeleteമുകളില്‍ പറഞ്ഞ സമകാലിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടി പറയണമായിരുന്നു...
പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കു നല്‍കുന്ന എല്ലാ സ്വാതന്ത്ര്യത്തോടെയും അവകാശങ്ങളോടെയും വളര്‍ത്താന്‍ ബോധമുള്ള അമ്മമാരുണ്ടാവുകയാണ് ആദ്യം വേണ്ടത്. തങ്ങള്‍ക്കു ലഭിക്കാത്തത് തങ്ങളുടെ മകള്‍ക്കെങ്കിലും ലഭിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ ആണ്‍മക്കളെ ഉത്തരവാദിത്വബോധമുള്ളവരും-സ്വന്തം വസ്ത്രം കഴുകല്‍ ,തിന്ന പാത്രം കഴുകല്‍ മുതലായ പണികള്‍ എടുപ്പിച്ചും സഹോദരിമാര്‍ക്കില്ലാത്ത ഒരു മഹത്വവും അവര്‍ക്കില്ലെന്നു പറഞ്ഞു പഠിപ്പിച്ചും- വളര്‍ത്താന്‍ അമ്മമാര്‍ തയ്യാറാവുക. ചിലപ്പോള്‍(ചിലപ്പോളല്ല, മിക്കപ്പോളും) അച്ഛന്മാരോടും പുരുഷമേധാവിത്വത്തിന്റെ കാവലാളുകളായ അമ്മായിഅമ്മമാരോടും പൊരുതിത്തന്നെ ഇതു ചെയ്യേണ്ടിവരും. വിപ്ലവം വീട്ടില്‍നിന്നു തുടങ്ങാം.
ReplyDeleteഅസഹനീയമായ ബന്ധങ്ങൾ എന്തിന്റെ പേരിലായാലും നിലനിറുത്തുന്നത് ആ ബന്ധത്തിൽ ജനിയ്ക്കുന്ന കുട്ടികളെക്കൂടി നശിപ്പിയ്ക്കലാണ്. മാതാപിതാക്കൾ പരസ്പരം പോരടിയ്ക്കുന്നത് കണ്ട് വളരേണ്ടി വരുന്ന കുഞ്ഞുങ്ങളെക്കുറിച്ചും അവരുടെ മാനസിക വ്യഥകളെക്കുറിച്ചും യാതൊരു നിശ്ചയവുമില്ലാതെ എന്തു ത്യാഗം സഹിച്ചും നിലനിറുത്തേണ്ട ഒന്നാണീ കുടുംബ ജീവിതം എന്ന് വരുത്തി തീർക്കേണ്ടതില്ല. മുകളിൽ ചൂണ്ടിക്കാണിച്ച പ്രശ്നത്തിൽ ആ പെൺകുട്ടിയുടെ ജീവിതത്തിൽ കടന്നു വന്ന രണ്ടാമത്തെ പുരുഷൻ കഴിഞ്ഞതെല്ലാം മറന്ന് സ്വന്തം ഭാര്യയോടും മക്കളോടും ഒപ്പം പാട്ടും പാടി ജീവിച്ചുകൊള്ളുമെന്ന് നമുക്ക് സൌകര്യത്തിനു വേണ്ടി വിചാരിയ്ക്കാം. ആ പെൺകുട്ടിയെ കുറച്ച് കാലം അവളുടെ സഹോദരൻ സംരക്ഷിയ്ക്കുമെന്നും കരുതാം. അതു കഴിഞ്ഞാലോ... അവൾ സ്വന്തം കാലിൽ നിൽക്കുക എന്ന പരമപ്രധാനമായ ലക്ഷ്യത്തിലെത്തിയില്ലെങ്കിൽ ഈ മുട്ടുശാന്തികൊണ്ട് ടി വി പരിപാടി കാണിയ്ക്കാമെന്നല്ലാതെ, ആർക്കും ഒരു ഉപയോഗവും ഉണ്ടാകാൻ പോകുന്നില്ല. പെൺകുട്ടികളെ, വിവാഹം കഴിപ്പിച്ചയയ്ക്കലാണ്, വിവാഹം മാത്രമാണ് അവരുടെ ഒരേയൊരു ജീവിതമാർഗം എന്ന മട്ടിൽ വളർത്തി നശിപ്പിയ്ക്കാതിരിയ്ക്കാൻ ഓരോ പെൺകുട്ടിയുടേയും മാതാപിതാക്കന്മാർ ശ്രദ്ധിയ്ക്കണം.
ReplyDeleteപിന്നെ കാലം മാറട്ടെ, മാറ്റങ്ങൾ വരട്ടെ. ഒരു മറ്റവും വരാതെ അട്ടിപ്പേറായി നിലനിന്നു പോയേ തീരു എന്ന് എല്ലാവരും വാശി പിടിച്ച്, മാറ്റങ്ങളെയെല്ലാം തടഞ്ഞ് നിലനിറുത്തേണ്ട ഒരു നന്മയുടെ കാലമൊന്നുമല്ലല്ലോ ഇത്. നമ്മുറ്റെ കുടുംബ വ്യവസ്ഥിതിയും അങ്ങനെ മാറാൻ പാടില്ലാത്ത നന്മയുടേ കേദാരമല്ല.
അതുകൊണ്ട് മാറ്റങ്ങൾ വരട്ടെ.
സ്ത്രീധനമായി സ്വര്‍ണ്ണവും പണവും കൊടുത്തതിനു യാതൊരു തെളിവും ഇല്ലെങ്കില്‍ ഒരു സ്ത്രീക്ക് എങ്ങിനെ വിവാഹ ബന്ധം വേര്‍പെടുത്തി കൊള്ളരുതാത്ത ഭര്‍ത്താവില്‍ നിന്നും പിരിയാന്‍ കഴിയും? സ്ത്രീക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇവിടെ എന്ത് നിയമത്തിന്റെ സഹായം ആണുള്ളത്?
ReplyDelete>>>പക്ഷെ നിരക്ഷരന്‍ പറഞ്ഞപോലെ...<<<
ReplyDelete@Lipi Ranju ,
നിരക്ഷരനല്ല, നിരീക്ഷകനാണേ.
@ JOE - സ്ത്രീധനം വാങ്ങുന്നത് മാത്രമല്ല, കൊടുക്കുന്നതും ശിക്ഷാര്‍ഹമാണ്.. ആ നിയമം തെറ്റിച്ചു സ്ത്രീധനം കൊടുത്തിട്ട്, അത് തിരിച്ചു കിട്ടാന്‍ നിയമത്തിന്റെ സഹായം തേടുന്നവരാണ് നമ്മുടെ നാട്ടിലുള്ളത് ! ചുരുക്കത്തില്‍ അവരവരുടെ സൗകര്യം അനുസരിച്ച് നിയമം തെറ്റിക്കുകയും അനുസരിക്കുകയും ചെയ്യുന്ന സമൂഹം !! ഇനി ഏതെങ്കിലും സാഹചര്യത്തില്‍ (അത് കൊടുത്താലേ മക്കളുടെ വിവാഹം നടക്കൂ എന്നുണ്ടെന്കിലോ, മകളോടുള്ള സ്നേഹം കൊണ്ട് പൊന്നും പണവും കൊടുന്നുവേങ്കിലോ) അത് കൊടുത്താല്‍ തന്നെ അതാ പെണ്‍കുട്ടിയുടെ പേരില്‍ നിക്ഷേപിക്കണം എന്നാണു നിയമം. അതല്ലേ അതിനുള്ള തെളിവും ! ഈ നിയമങ്ങള്‍ ഒക്കെ തെറ്റിച്ചിട്ട്, ചതി പറ്റുമ്പോള്‍ മാത്രം 'ഇവിടെ എന്ത് നിയമം ആണുള്ളത് ' എന്ന് ദേഷ്യപ്പെട്ടിട്ടു കാര്യമുണ്ടോ ? സ്വത്തുക്കളോ, സ്വര്‍ണ്ണമോ പണമോ ഒക്കെ കൊടുക്കുന്നുണ്ടെങ്കില്‍ അതിനുള്ള തെളിവുകള്‍ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം കൂടി കൊടുക്കുന്നവര്‍ കാണിക്കണം. ചുരുങ്ങിയ പക്ഷം വിവാഹ ഫോട്ടോകള്‍ ഉണ്ടെങ്കില്‍ പോലും അതില്‍ കാണിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഏകദേശം നഷ്ടപരിഹാരം ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും വാങ്ങി കൊടുത്ത കേസുകള്‍ എന്റെ അനുഭവത്തില്‍ ഉണ്ട്. ഇതില്‍ കൂടുതല്‍ എന്ത് സംരക്ഷണം ആണ് ചെയ്യാന്‍ കഴിയുക !
ReplyDeleteപിന്നെ സ്ത്രീക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ട സ്വയം പര്യാപ്തത ഉണ്ടാക്കി കൊടുക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. പെണ്‍കുട്ടികള്‍ക്ക് ജോലിയേക്കാള്‍ വിവാഹം ആണ് പ്രധാനം എന്ന് കരുതി കടം വാങ്ങിപ്പോലും ചോദിക്കുന്ന സ്ത്രീധനം നല്‍കി വല്ലവരുടെയും കൂടെ പറഞ്ഞു വിട്ടിട്ടു കണക്കുകള്‍ പിഴയ്ക്കുമ്പോള്‍ മാത്രം നിയമത്തെ പഴിക്കുന്നതു ശരിയാണോ ? നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണ്. അത് തെറ്റിക്കുന്നവര്‍ അതുകൊണ്ട് ഉണ്ടാവുന്ന ദോഷങ്ങള്‍ സഹിക്കാന്‍ കൂടി തയ്യാറാവണം...
@ നിരീക്ഷകൻ - ക്ഷമിക്കണം , പെട്ടെന്ന് കണ്ടപ്പോ 'ബ്ലോഗര്‍ നിരക്ഷരന്‍' ആണെന്ന് തെറ്റിദ്ധരിച്ചു... എന്റെ ശ്രദ്ധക്കുറവുകൊണ്ട് പറ്റിയതാ... :)
@Lipi Ranju,
ReplyDeleteസ്ത്രീധനം, സ്ത്രീകളെ രണ്ടാംതരമായി കാണുന്ന പുരുഷ മേധാവിത്വ സമൂഹത്തിന്റെ ലക്ഷണമാണ്. മാതാപിതാക്കളുടെ സ്വത്തിലുള്ള അവകാശം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായി കൊടുക്കുകയാണു വേണ്ടത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവാണ് പെണ്‍കുട്ടികള്‍ക്കുണ്ടാവേണ്ടത്. തങ്ങളെ തുല്യനിലയില്‍ കാണുന്നവരെ സ്വയം കണ്ടുപിടിച്ചു വിവാഹം കഴിക്കാന്‍ അവര്‍ക്കു സാധിക്കണം(ഇന്നത്തെ നിലക്ക് ഏതാണ്ട് അപ്രായോഗികം. ഒരാണും അങ്ങനെ കാണാന്‍ സാധ്യതയില്ല. വിശേഷിച്ചും നേരത്തെ പറഞ്ഞ "ഇന്നത്തെ തലമുറ") എല്ലാത്തിനും ആദ്യം അമ്മമാരില്‍ നിന്നു തുടങ്ങണം.
ഞാനൊരു കമന്റിട്ടിരുന്നു.ഇപ്പോള് കാണാനി്ല്ല. വല്ല സ്പാമിലോ മറ്റോ പോയതാണോ
ReplyDeleteനിരീക്ഷകാ, സ്പാമില്‍ ഒന്നും കാണുന്നില്ലല്ലോ :)
ReplyDelete‘അത് കൊടുത്താല്‍ തന്നെ അതാ പെണ്‍കുട്ടിയുടെ പേരില്‍ നിക്ഷേപിക്കണം എന്നാണു നിയമം.‘
ReplyDeleteഇതിനു കേരളത്തില്‍ നിയമമുണ്ടെന്നു ലിപി പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. നിയമമുണ്ടെങ്കിലും രക്ഷകര്‍ത്താക്കള്‍ അതുപയോഗിക്കില്ല എന്നു പറഞ്ഞാല്‍ രക്ഷകര്‍ത്താക്കള്‍ക്ക് മക്കളുടെ ഭാവിയില്‍ അത്രയേ താല്പര്യമുള്ളു എന്നും മനസിലാക്കാം. കുറച്ചു പേര്‍ക്കെങ്കിലും അതറിഞ്ഞുകൂടായിരിക്കാ. എന്തായാലും പെണ്മക്കള്‍ക്ക് ഒന്നേ സംഭവിക്കാനുള്ളു-വിവാഹംമാത്രം- എന്നു ചിന്തിക്കുന്നവര്‍, വിവാഹക്കമ്പോളത്തില്‍ സ്വന്തം മകളുടെ ഭാവി സുരക്ഷിതമായി ത്തീരുന്ന വിധത്തില്‍ ബാര്‍ഗെയിന്‍ ചെയ്യാന്‍ തയ്യാറാകേണ്ടതുണ്ട്, ആണിന്റെ വേഷം കെട്ടിവരുന്നവന്റെ കൂടെ ഇല്ലാത്ത് സ്ത്രീധനം ഉണ്ടാക്കി പറഞ്ഞുവിടുന്നത്, ത്യാഗമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
@ MKERALAM - ടീച്ചര്‍ക്ക് പോലും അതറിയില്ലായിരുന്നു എങ്കില്‍ നമ്മുടെ നാട്ടിലെ എത്രപേര്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാവുമെന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ സംശയമുണ്ട് ! അങ്ങനെയെങ്കില്‍ 'സ്ത്രീധന നിരോധന നിയമം' അടുത്ത് തന്നെ നമുക്കൊരു പോസ്റ്റ് ആയി ഇടാം... ഇതിനെക്കുറിച്ചൊക്കെ ആളുകള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് ഞാന്‍ ധരിച്ചത് !!
ReplyDeleteകമന്റ് ഇട്ടിരുന്നതാണല്ലോ. പിന്നെ എവിടെപ്പോയി? ഇത് അത്ഭുതം തന്നെ!
ReplyDeleteആ കമന്റ് എന്തായിരുന്നുവെന്നതും മറന്നു. ഓര്ക്കട്ടെ . അപ്പോളിടാം.
നമ്മുടെ സമൂഹ മനസാക്ഷി മാറാതെ ഇത്തരം അനാചാരങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടാവുകയില്ല. അതാവട്ടെ, മാറാനും പോകുന്നില്ല. എത്ര സമര്‍ഥയായ പെന്കുട്ടിയായാലും അവള്‍ക്ക് അവള്‍ ആഗ്രഹിക്കുന്ന ജീവിതം തിരഞ്ഞെടുക്കാന്‍ അവസരം എത്രയോ കുറവാണ്. പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണവും സ്ത്രീധനവും ഉണ്ടാക്കാനായി ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്നവരാണ് മദ്ധ്യവര്‍ത്തി കുടുംബത്തിലെ മാതാപിതാക്കള്‍. ഈയിടെ സ്വര്‍ണത്തിന് അമിതമായി വില കൂടിയ സമയത്ത് ചാനല്‍ ചര്‍ച്ചയില്‍ സാധാരണക്കാരായ ആളുകള്‍ പോലും പറയുന്നത്,എന്നാലും സ്വര്‍ണം വേണ്ടേ എന്നാണ്. എന്റെ സഹപ്രവര്‍ത്തകര്‍ പലരും മറ്റൊരാള്‍ മകള്‍ക്ക് കൊടുത്തതില്‍ പത്തു പവനെന്കിലും കൂടുതല്‍ കൊടുക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്. ഈ ആഭരണങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും വീണ്ടും ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് ദുഃഖകരമായ മറ്റൊരു സംഗതി.
ReplyDeleteവിവാഹം തന്നെ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് തീരുമാനിക്കപ്പെടുന്നു. വിദേശത്തുള്ള യുവാക്കള്‍ വിവാഹത്തോടടുപ്പിച്ചു മാത്രമേ നാട്ടില്‍ എത്തുകയുള്ളൂ. പരസ്പരം മനസ്സിലാക്കുന്നതോ പോകട്ടെ, നേരിട്ട് സംസാരിക്കാന്‍ പോലും സമയം കിട്ടില്ല. മൊബൈല്‍ ചാറ്റില്‍ സ്വയം ഏറ്റവും നന്നായി അവതരിപ്പിക്കാന്‍ മാത്രമേ ശ്രമിക്കുകയുള്ളു. വിവാഹത്തിന്റെ മാനദണ്ഡങ്ങളില്‍ മാനസിക ചേര്‍ച്ച ഒരു ഘടകമേ ആകുന്നില്ല. പറയാനാണെങ്കില്‍ പേജുകള്‍ പറയേണ്ടി വരും,ഇക്കാര്യത്തെപ്പറ്റി.
@ ഒരു പാവം പൂവ് - പൂവ് പറഞ്ഞത് ശരിയാ ഇതെപ്പറ്റി പറയാനാണേല്‍ പേജുകള്‍ പറയേണ്ടിവരും...
ReplyDeleteനമ്മുടെ നാട്ടില്‍ പണമുള്ളവര്‍ക്കും ഇടത്തരക്കാര്‍ക്കും ഇത്തരം ആചാരങ്ങള്‍ സ്റ്റാറ്റസ് കാണിക്കാനുള്ള ഒരു വഴിയാണ് ! ഇതിനൊപ്പം നില്‍ക്കാന്‍ കഴിയാത്ത പാവങ്ങളുടെ കാര്യമാണ് കഷ്ടം... ഉള്ള ആചാരങ്ങള്‍ പോരാതെ പലയിടത്തും പുതിയ പല ആചാരങ്ങളും ഉണ്ടായി വരുന്നത് കണ്ടിട്ടുണ്ട്... കല്യാണ സാരി കൊണ്ടുവന്നു കൊടുക്കുമ്പോള്‍ ചെറുക്കന്റെ പെങ്ങള്‍ക്ക് കല്യാണ പെണ്ണ് വള ഇട്ടു കൊടുക്കുക പോലുള്ള ചടങ്ങുകള്‍ ഒന്നും മുന്‍പ് ഞങ്ങളുടെ ആ ഭാഗങ്ങളില്‍ കേട്ടിട്ടില്ലായിരുന്നു... കേരളത്തില്‍ ചിലയിടത്തൊക്കെ അത്തരം ചടങ്ങുകള്‍ ഉണ്ടായിരുന്നു പോലും , ഇപ്പൊ അതും എല്ലായിടത്തും ആയിക്കൊണ്ടിരിക്കുന്നു... ജനങ്ങള്‍ തന്നെയാണ് ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത് .[ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തിന്റെ മകളുടെ വിവാഹം ഈ അടുത്തിടെ കഴിഞ്ഞു. 100 പവന്‍ സ്വര്‍ണ്ണം എടുക്കാന്‍ പോകുന്നുന്ന് പറഞ്ഞപ്പോ ഞാന്‍ ചോദിച്ചു, ആ പൈസ ആ കുട്ടിയുടെ പേരില്‍ നിക്ഷേപിച്ചാല്‍ പോരെ എന്ന് . അപ്പൊ പറയുന്നു 'നാലുപേര് കാണുമ്പോള്‍ കഴുത്തിലും കൈയ്യിലും നിറയെ ഇല്ലെങ്കില്‍ മോശം ആണെന്ന് !' ഇതിനൊക്കെ എന്ത് മറുപടി പറയാന്‍ ! ]
എല്ലാവരും വായിച്ചറിയേണ്ടുന്ന നല്ല എഴുത്തും, നല്ല ചർച്ചകളും. സമയക്കുറവിനാൽ ഇവിടത്തെ ഈ വിജ്ഞാനപ്രദമായ ചർച്ചകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ നിർവ്യാജം ഖേദിക്കുന്നു. നല്ല എഴുത്തും അഭിപ്രായങ്ങളും വിജയകരമായി തുടരട്ടെ......ആശംസകൾ....
ReplyDeleteഞാൻ ഇത്തിരി പാശ്ചാത്യ സംസ്കാരം ഉൾക്കൊണ്ട കാരണമാണോന്നറിയില്ല ഈ അഭിപ്രായങ്ങളോടോക്കെ പൂർണ്ണമായും യോജിക്കുന്നു കേട്ടൊ കുഞ്ഞൂസെ
ReplyDeleteപിന്നീട് നല്ല ചർച്ചകളും വന്നല്ലോ...
"കുടുംബങ്ങളില്‍ നിന്നാണ് വിപ്ലവം തുടങ്ങെടത്"
ReplyDeleteതികച്ചും ശെരിയായ രീതി അത് തന്നെയാണ് ..എന്റെ അനുഭവത്തില്‍ പറയട്ടെ ,,,എന്റെ ഒരു ബന്ദുവിന്റെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ആണ് അവരുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനോട് ഒരു ഗ്ലാസ് എടുത്തു തരാന്‍ ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ അമ്മ എന്നോട് പറഞ്ഞ വാക്ക് ,,അവന്‍ ആണ്‍ കുട്ടിയല്ലേ നീ അവന്നെ കൊണ്ട് ഏതൊക്കെ ചെയ്യിക്കാമോ,,നിനക്ക് പോയി എടുത്തു കൂടെ..? ഹ ഹ ഹ,,,ചിരിക്കുക എന്നല്ലാതെ വേറെ അപ്പോള്‍ ഒന്നും തോന്നിയില,,,
ചെറുപ്പം മുതല്‍ ഊട്ടി വളര്‍ത്തുന്ന ഈ ആണ്‍ മേല്‍ക്കോയ്മ ,,,നമ്മുടെ വീട്ടിലെ പെണ്‍കുട്ടികളെ ആണ്‍ കുട്ടികല്ലുടെ മുന്നില്‍ തരം കുറച്ചു കാണിച്ചാല്‍ സമൂഹത്തില്ലേ മറ്റു പെന്കുട്ടികല്ലോടുള്ള അവന്റെ മനോഭാവം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം ,,
പെണ്‍ കുട്ടികല്ലേ ചെറുപ്പം മുതല്‍ കല്യാണ കുരുതിക്കായി മത്രേം ഉഴിഞ്ഞിട്ടു വളര്‍ത്തുന്ന മാതാപിതാക്കള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
നിരീക്ഷകന്‍ പറഞ്ഞത് ശരിയാണ്.സ്വത്തില്‍ തുല്യത നടപ്പില്‍ വരിക തന്നെ വേണം.പിന്നെ സ്ത്രീകള്‍ എപ്പോഴും സഹതാപക്കടലില്‍ താണുകൊണ്ടിരിക്കയാണെന്നുള്ള തെറ്റിദ്ധാരണയൊന്നും വേണ്ട.ധാരാളം സ്ത്രീകള്‍ വൃത്തിക്ക് പുരുഷനെ വേണ്ടുവോളം എല്ലാ അര്‍ത്ഥത്തിലും പറ്റിച്ച് ഉത്തമ ഭാര്യമാരായും വധുക്കളായും വരുന്നുണ്ടെന്ന സത്യം നിഷേധിക്കാനാകില്ല.ഈ ലോകം സത്യസന്ധത അര്‍ഹിക്കുന്നില്ല.സത്യസന്ധമല്ലാത്ത ഈ ലോകത്ത് സത്യസന്ധമാണെന്ന് തോന്നിപ്പിച്ച് ജീവിക്കാന്‍ പരിശീലിച്ചാല്‍ സന്തോഷമായി ജീവിക്കാം.(പുരുഷന്‍ പണ്ടേ പരിശീലിച്ചത്) ഇല്ലെങ്കില്‍ ജീവിതം കട്ടപ്പുക...................
ReplyDelete